കോട്ടയം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ മയക്കുമരുന്നിന് അടിമയായ അധ്യാപകന്റെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ ജന്മ നാട്.
കടുത്തുരുത്തി മാഞ്ഞൂരിലെ വീടിന് മുന്നിലുള്ള മതിലില്‍ കൊത്തിവെച്ചിരിക്കുന്ന 'ഡോ. വന്ദനാ ദാസ് എംബിബിഎസ്' എന്ന ബോര്‍ഡിന് മുന്നില്‍ സംഭവിച്ചതൊന്നും വിശ്വസിക്കാനാകാതെ നില്‍ക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. മാഞ്ഞൂരിലെ കെ.ജി മോഹന്‍ ദാസിന്റെയും വസന്ത കുമാരിയുടെയും ഏക മകളാണ് വന്ദന.
മകള്‍ രോഗിയുടെ ആക്രമണത്തിന് ഇരയായ വാര്‍ത്തയറിഞ്ഞ് പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് തിരിച്ച അച്ഛനും അമ്മയും ഇനി ഈ വീട്ടിലേക്ക് മടങ്ങുക വന്ദനയുടെ ചേതനയറ്റ ശരീരവുമായാണ്. മകള്‍ ഡോക്ടറായതില്‍ അഭിമാനംകൊണ്ട മാതാപിതാക്കള്‍ അതേ ജോലിക്കിടെ മകള്‍ ഇല്ലാതായതോടെ ആകെ തകര്‍ന്ന അവസ്ഥയിലാണ്.
ഇവരെ എങ്ങനെ ആശ്വസിപ്പിക്കാനാകും എന്നോര്‍ത്ത് വിഷമിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. ആക്രമണത്തിന് ഇരയായ കാര്യം അറിയുമ്പോള്‍ മകളുടെ സ്ഥിതി ഗുരുതരമായിരുന്നെന്ന് മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നു. തിരുവനന്തപുരത്തേക്കുള്ള വഴിമധ്യേയാണ് മരണ വിവരം അറിയുന്നത്.
കുറവിലങ്ങാട് ഡിപോള്‍ സ്‌കൂളിലായിരുന്നു വന്ദനയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി സേവനം അനുഷ്ഠിക്കവെയാണ് വന്ദന ദാസ്(25) അതിദാരുണമായി കൊല്ലപ്പെട്ടത്.