നോവായി ഡോ. വന്ദന; കണ്ണീരോടെ വിടചൊല്ലി നാട്, അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് പതിനായിരങ്ങൾ

നോവായി ഡോ. വന്ദന; കണ്ണീരോടെ വിടചൊല്ലി നാട്, അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് പതിനായിരങ്ങൾ

കോട്ടയം: ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദനയ്ക്ക് യാത്രാമൊഴിയേകി ജന്മനാട്. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണ് ഡോ. വന്ദനയുടെ മൃതദേഹം സംസ്‌കരിച്ചത്. വൻ ജനാവലിയാണ് വന്ദനയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിയത്.

കേന്ദ്ര മന്ത്രി വി മുരളീധരൻ, മന്ത്രി വി എൻ വാസവൻ, സ്പീക്കർ എഎൻ ഷംസീർ, തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് തുടങ്ങിയവർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. വീടിന് സമീപം, അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും ചിതയൊരുക്കിയതിന് തൊട്ടടുത്തായിട്ടാണ് വന്ദനയ്ക്ക് ചിതയൊരുക്കിയത്.

ഇന്നലെ രാത്രി വന്ദന പഠിച്ച അസീസിയ മെഡിക്കൽ കോളജിൽ പൊതുദർശനത്തിനു വച്ച ശേഷം എട്ടു മണിയോടെയാണ് പട്ടാളമുക്കിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ആരോഗ്യ മന്ത്രി വീണാ ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉൾപ്പെടെ പ്രമുഖർ വീട്ടിലേക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി.

ഇന്നലെ രാവിലെയാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ ഹൗസ് സർജൻ വന്ദനക്ക് കുത്തേറ്റത്. പൊലീസ് പരിശോധനയ്ക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ഡോക്ടറെ കുത്തിയത്. പൊലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു. ലഹരിക്ക് അടിമയായ സന്ദീപുമായി പുലർച്ചെ നാലുമണിക്കാണ് പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിയത്.

മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തിൽ ഇന്നലെ മുതൽ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. തിരക്ക് കണക്കിലെടുത്ത് കുറുപ്പന്തറ മുതൽ കടുത്തുരുത്തി വരെയുള്ള പ്രദേശങ്ങളിൽ പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.