തിരുവനന്തപുരം: കന്യാകുമാരിക്ക് സമീപം നാഗര്‍കോവില്‍-തിരുനെല്‍വേലി ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ ഉള്‍പ്പടെ നാലുപേര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശാരിപ്പള്ളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
നാട്ടുകാരും, ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വെള്ളമഠത്തിനടുത്ത് ലയം ജംഗ്ഷന് സമീപം ഇന്ന് രാവിലെ ഏഴോടെ നൃത്തസംഘം സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
തിരിച്ചെന്തൂര്‍ ഭാഗത്ത് നൃത്തപരിപാടിയില്‍ പങ്കെടുത്ത ശേഷം രാവിലെ അഞ്ചോടെയാണ് ഇവര്‍ മടങ്ങിയത്. പതിനൊന്നു പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മലയാളിയാണെന്നാണ് വിവരം.
കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കാര്‍ ഏറക്കുറെ പൂര്‍ണമായും തകര്‍ന്നു. ബസിലുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.