മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) ദേശീയ അധ്യക്ഷന്‍ ശരദ് പവാറും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. രാജ്യതാല്‍പ്പര്യത്തിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇരുനേതാക്കളും വ്യക്തമാക്കി. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു നേതാക്കള്‍.
രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്ന് ശരദ് പവാര്‍ പറഞ്ഞു. രാജ്യത്തിന് ആവശ്യമായ ബദലിന് ഒരുമിച്ച് പിന്തുണ നല്‍കും. കര്‍ണാടകയില്‍ വോട്ടെടുപ്പില്‍ അവിടെയുള്ള ആളുകള്‍ ബിജെപിയെ പുറത്താക്കി മതേതര സര്‍ക്കാരിനെ തിരഞ്ഞെടുക്കുമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യതാല്‍പര്യത്തിനല്ല. അതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ എണ്ണം കൂടുകയാണ്. രാജ്യതാല്‍പര്യമാണ് വേണ്ടതെന്നും നിതീഷ് കുമാറും പറഞ്ഞു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരായ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനായി നിതീഷ് കുമാര്‍ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മുംബൈയിലെ മാതോശ്രീയില്‍ ഉദ്ധവ് താക്കറെയുമായും അദേഹം കൂടിക്കാഴ്ച നടത്തി.