സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു; ആശുപത്രികളിലെ സുരക്ഷ സായുധ സേനയ്ക്ക് നല്‍കണമെന്ന് കെജിഎംഒഎ

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു; ആശുപത്രികളിലെ സുരക്ഷ സായുധ സേനയ്ക്ക് നല്‍കണമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ പ്രഖ്യാപിച്ച പ്രതിഷേധ സമരം പിന്‍വലിച്ചു. വെള്ളിയാഴ്ച മുതല്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുമെന്ന് കെജിഎംഒഎ ഭാരവാഹികള്‍ അറിയിച്ചു.

ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചും ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടാണ് ഐഎംഎ, കെജിഎംഒഎ ഉള്‍പ്പെടെ ഡോക്ടര്‍മാരുടെ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം പ്രഖ്യാപിച്ചത്.

അത്യാഹിത വിഭാഗം ഒഴികെ മറ്റ് സേവനങ്ങളെല്ലാം സ്തംഭിപ്പിച്ചായിരുന്നു സമരം. ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുക, ആശുപത്രി സംരക്ഷണ നിയമം ഓര്‍ഡിനന്‍സായി ഉടന്‍ ഇറക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ സുരക്ഷയ്ക്കായി ആംഡ് റിസര്‍വ് പൊലീസിനെ നിയമിച്ച് എയ്ഡ് പോസ്റ്റുകള്‍ ശക്തമാക്കണമെന്നാണ് കെജിഎംഒഎയുടെ പ്രധാന ആവശ്യം. ആശുപത്രികളില്‍ സിസി ടിവി ഉള്‍പ്പെടെ സുരക്ഷ സംവിധാനങ്ങള്‍ സ്ഥാപിക്കുക, അത്യാഹിത വിഭാഗങ്ങളില്‍ ട്രയാജ് സംവിധാനം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ നടപ്പാക്കുക, പൊലീസ് കസ്റ്റഡിയിലുള്ള ആളുകളെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കാന്‍ ജയിലില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും അസോസയേഷന്‍ മുന്നോട്ട് വച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.