തിരുവനന്തപുരം: റൂറല്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി. സെക്യൂരിറ്റി ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുന്നതു വരെ ഈ ഉത്തരവ് തുടരും. ആരോഗ്യമന്ത്രിയുമായി പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് നടപടി.
കൂടാതെ ആഴ്ചയില്‍ ഒരു ദിവസം അവധിയും ഉറപ്പാക്കും. ഹൗസ് സര്‍ജന്‍മാരുടെ ജോലി നിര്‍വചിച്ച് മാര്‍ഗരേഖ പുറത്തിറക്കും. പിജി ഡോക്ടര്‍മാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിക്കും. മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെ പിജി ഡോക്ടര്‍മാര്‍ സമരം ഭാഗികമായി പിന്‍വലിച്ചു.
തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പ് കിട്ടിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വൈകുന്നേരം അഞ്ച് മുതല്‍ അടിയന്തര സേവനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കും. എന്നാല്‍ ഒപി ബഹിഷ്‌കരണം തുടരും. തുടര്‍ സമരപരിപാടി വൈകിട്ട് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് പിജി അസോസിയേഷന്‍ പ്രതിനിധി ഡോ. ഇ.എ റുവൈസ് പറഞ്ഞു.
അതേസമയം ഡോ. വന്ദനയുടേത് ബോധപൂര്‍വമുള്ള കൊലപാതകമാണെന്ന് സഹപാഠികള്‍ ആരോപിച്ചു. പ്രതി ബോധപൂര്‍വമാണ് കൊല നടത്തിയത്. മാനസിക നില തെറ്റിയ ആള്‍ കത്രിക ഒളിപ്പിച്ചു പിടിക്കാന്‍ ശ്രമിക്കില്ല. ആക്രമണത്തിന് ശേഷം പ്രതി സന്ദീപ് കത്രിക കഴുകി വെച്ചതും ബോധമുള്ളതുകൊണ്ടാണെന്ന് വന്ദനയുടെ സഹപാഠികള്‍ പറയുന്നു.
വന്ദനയെ കൊലപ്പെടുത്തിയ പ്രതിക്ക് ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കണം. വിചാരണ എത്രയും വേഗം പൂര്‍ത്തിയാക്കി ശിക്ഷ നടപ്പാക്കണം. വന്ദനയ്ക്ക് നീതി ലഭ്യമാക്കണം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ ഒരു ബ്ലോക്കിന് വന്ദനയുടെ പേരു നല്‍കുമെന്ന് മന്ത്രി പറഞ്ഞു. അങ്ങനെ പേരു നല്‍കിയാല്‍ വന്ദനയുടെ മാതാപിതാക്കളുടെ കണ്ണീരിന് മറുപടിയായോ എന്നും അവര്‍ ചോദിച്ചു.
പ്രാഥമിക ചികിത്സ കൃത്യമായി കിട്ടിയിരുന്നുവെങ്കില്‍ ഒരുപക്ഷെ വന്ദനയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. കൊട്ടാരക്കര ആശുപത്രിയില്‍ അതിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. ഡോക്ടറെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു. അവിടെ ചെല്ലുമ്പോഴേക്കും വന്ദനയുടെ ഓക്സിജന്‍ ലെവലും ബ്രെയിന്‍ ഫങ്ഷനും വളരെ താഴെയായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു.
ആശുപത്രികളിലെ അപര്യാപ്തതകള്‍ക്ക് താഴേത്തട്ടിലുള്ളവരെ കുറ്റപ്പെടുത്തിയിട്ട് എന്താണ് കാര്യം. ഇത് സിസ്റ്റത്തിന്റെ തകരാര്‍ ആണെന്ന് കുട്ടികള്‍ പറയുന്നു. ഇതു തന്നെയാണ് കോടതി ചോദിച്ചതും. ഇതെല്ലാം നടപ്പാക്കേണ്ടത് ആരാണെന്നും അവര്‍ ചോദിക്കുന്നു. ഒട്ടേറെ ജീവന്‍ രക്ഷിക്കേണ്ട ഡോക്ടറിനാണ് ഈ അവസ്ഥ ഉണ്ടായതെന്നും സഹപാഠികള്‍ പറയുന്നു.
ഞങ്ങളെ പഠിപ്പിക്കുന്നത് അടിക്കാനല്ല. അടിതട അല്ല, രോഗികളെ ശുശ്രൂഷിക്കാനാണ്. വന്ദന വളരെ സൗമ്യശീലയാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു സാഹചര്യത്തില്‍ പകച്ചുപോയി. ചെറുപ്പം മുതലേ അടിപിടി ഉണ്ടാക്കി ശീലിച്ചവര്‍ക്കും തിരിച്ചടിച്ചു ശീലിച്ചവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടായി എന്നു വരില്ല. ഓടി ഒളിക്കുന്ന കഴിവും പെട്ടെന്ന് ഉണ്ടാകണമെന്നില്ലെന്ന് സഹപാഠികള്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരം സാഹചര്യങ്ങളുണ്ടായാല്‍ ചെറുത്തു നില്‍ക്കുന്ന ആളായിരിക്കണം ആശുപത്രികളില്‍ സെക്യൂരിറ്റി ഓഫീസര്‍ ആകേണ്ടത്. ഇനിയെങ്കിലും ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണം. ഓര്‍ഡിനന്‍സ് ഡ്രാഫ്റ്റ് ചെയ്യുമ്പോള്‍ സീനിയര്‍ ഡോക്ടര്‍മാരെ മാത്രം പരിഗണിച്ചാല്‍ പോരാ. ജൂനിയര്‍ ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ അഭിപ്രായം കൂടി തേടണമെന്നും വന്ദനയുടെ സഹപാഠികള്‍ ആവശ്യപ്പെട്ടു.