തിരുവനന്തപുരം: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പൂര്‍ണമായി പിന്‍വലിച്ചു.
ശനിയാഴ്ച മുതല്‍ എല്ലാ ഡ്യൂട്ടിക്കും കയറുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സര്‍ക്കാര്‍ നടപടി നോക്കിയാകും ബാക്കി തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.
നേരത്തെ പി.ജി ഡോക്ടര്‍മാര്‍ സമരം ഭാഗികമായി പിന്‍വലിച്ചിരുന്നു. അത്യാഹിത വിഭാഗത്തിലെ ജോലിയില്‍ മാത്രം തിരികെ പ്രവേശിക്കാനായിരുന്നു തീരുമാനം. ഇതിന് പിന്നാലെയാണ് രാത്രി ചേര്‍ന്ന യോഗത്തിലാണ് പണിമുടക്ക് പൂര്‍ണമായും പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോര്‍ജുമായി പി.ജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും ചര്‍ച്ച നടത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പുനല്‍കി.
മതിയായ സുരക്ഷയുള്ള സ്ഥലങ്ങളില്‍ മാത്രമേ ഹൗസ് സര്‍ജന്‍മാരെ നിയമിക്കൂ എന്ന ഉറപ്പും മന്ത്രി നല്‍കി. ഈ സാഹചര്യത്തിലാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.
അതിനിടെ ഡോ. വന്ദനയുടെ മരണത്തില്‍ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ രംഗത്തെത്തി. പ്രതി സന്ദീപിനെ പരിശോധിച്ചത് ഹൗസ് സര്‍ജനായ വന്ദന മാത്രമാണ്.
മുതിര്‍ന്ന ഡോക്ടര്‍മാര്‍ പരിശോധിക്കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ലെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരോപിച്ചു. വിഷയത്തില്‍ അന്വേഷണം വേണമെന്ന് ആരോഗ്യ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.