ചെന്നൈ: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാനൊരുങ്ങി റെയിൽവേ. ഇതിനാവശ്യമായ സ്ലീപ്പർ കോച്ചുകളുടെ നിർമ്മാണം ഈ വർഷം പൂർത്തീകരിക്കണമെന്ന് ചെന്നൈ പെരുമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്ക് (ICF) റെയിൽവേ ബോർഡ് നിർദേശം നൽകി.
സ്ലീപ്പർ കോച്ചുകളുടെ നിർമ്മാണത്തിന് പെരുമ്പൂർ ഐ.സി.എഫ് തയ്യാറാണെന്ന് കോച്ച് ഫാക്ടറി അധികൃതർ നേരത്തെ റെയിൽവേ ബോർഡിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ സാമ്പത്തിക വർഷം തന്നെ വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പർ കോച്ച് നിർമ്മാണം പൂർത്തിയാക്കണമെന്ന് ബോർഡ് അറിയിച്ചത്.
ട്രെയിനിന്റെ ട്രയൽ റൺ ഉൾപ്പെടെയുള്ള നടപടികൾ ഈ വർഷംതന്നെ പൂർത്തിയാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് സൂചന.