'ജനാഭിലാഷങ്ങള്‍ നിറവേറ്റാന്‍ അവര്‍ക്ക് സാധിക്കട്ടെ'; കോണ്‍ഗ്രസിനെ അഭിനന്ദിച്ച് നരേന്ദ്ര മോഡി

'ജനാഭിലാഷങ്ങള്‍ നിറവേറ്റാന്‍ അവര്‍ക്ക് സാധിക്കട്ടെ'; കോണ്‍ഗ്രസിനെ അഭിനന്ദിച്ച് നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും ജയം സ്വന്തമാക്കിയ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ അവര്‍ക്ക് സാധിക്കട്ടേയെന്നും എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളിലും കൂടുതല്‍ ഊര്‍ജസ്വലതയോടെ കര്‍ണാടകയെ സേവിക്കുമെന്നും അദ്ദേഹം കുറിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തുന്നതാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് ജയം. 136 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിലെത്തിയത്.

224 അംഗ സഭയില്‍, ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 64 സീറ്റുകളിലാണ് ബിജെപിക്ക് മുന്നിലെത്താനായത്. ഇതോടെ ദക്ഷിണേന്ത്യയിലെ ഏക ഭരണ സംസ്ഥാനം ബിജെപിക്ക് നഷ്ടമായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.