കര്‍ണാടകത്തിലെ ത്രസിപ്പിക്കുന്ന വിജയം; ആത്മവിശ്വാസം വീണ്ടെടുത്ത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം

 കര്‍ണാടകത്തിലെ ത്രസിപ്പിക്കുന്ന വിജയം; ആത്മവിശ്വാസം വീണ്ടെടുത്ത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം

തിരുവനന്തപുരം: കര്‍ണാടകത്തിലെ വിജയത്തിളക്കം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും പുത്തനുണര്‍വ് നല്‍കുന്നു. കര്‍ണാടക ഇഫക്ടില്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2019ലേതിന് സമാനമായ വിജയം ആവര്‍ത്തിക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

ബി.ജെ.പി ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ ഇടപെടലുകള്‍ ശക്തമാക്കിയിരിക്കെ കര്‍ണാടക വിജയം മതന്യൂനപക്ഷങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്നും വിലയിരുത്തലുണ്ട്.

2021ലെ നിയമസഭാ തോല്‍വിക്ക് ശേഷം മുസ്ലിംലീഗ് അടക്കമുള്ള ഘടക കക്ഷികള്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായിരുന്നു. വയനാട്ടിലെ ലീഡേഴ്‌സ് മീറ്റിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അകല്‍ച്ച കുറയുന്ന പശ്ചാത്തലത്തില്‍ വന്ന കര്‍ണാടക ഫലം ചൂണ്ടിക്കാട്ടി പാര്‍ട്ടിയുടെ പ്രതാപം വീണ്ടെടുക്കാമെന്നാണ് പ്രതീക്ഷ.

കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ത്രസിപ്പിക്കുന്ന വിജയം ന്യൂനപക്ഷങ്ങളെ ഒപ്പം നിറുത്താന്‍ കോണ്‍ഗ്രസിനെ സഹായിക്കും. കര്‍ണാടകയില്‍ ന്യൂനപക്ഷ, പിന്നോക്ക, ദളിത് പിന്തുണ ലഭിച്ചതാണ് വിജയത്തിലേക്ക് നയിച്ചത്. അതുകൊണ്ട് തന്നെ വയനാട് ലീഡേഴ്‌സ് മീറ്റിന്റെ തുടര്‍ച്ചയായി മത,ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് കോണ്‍ഗ്രസ് നീക്കം.

മാത്രമല്ല സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള അകല്‍ച്ച മാറ്റാന്‍ ഹൈക്കമാന്‍ഡിന് കഴിഞ്ഞതാണ് പാര്‍ട്ടിക്ക് കരുത്തായത്. വയനാട്ടില്‍ സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റിലൂടെ കേരളത്തിലും അതിനുള്ള സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളില്‍ കേന്ദ്രീകരിച്ചുകൊണ്ട് ഭരണവിരുദ്ധ വികാരം അനുകൂലമാക്കിയത് കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തു. കേരളത്തിലും ഇടത് സര്‍ക്കാരിനെതിരായ അഴിമതി ആരോപണവും ഭരണവിരുദ്ധ വികാരവും മുതലെടുത്ത് പ്രചാരണം നടത്തിയാല്‍ ഫലമുണ്ടാകും എന്ന ഉറച്ച വിശ്വാസത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.