ബംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ രാജിവെച്ചു. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന് രാജി സമര്‍പ്പിക്കുകയും അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ ബൊമ്മെ ഇടക്കാല മുഖ്യമന്ത്രിയായി തുടരും.
ഷിഗ്ഗാവ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചെങ്കിലും 135 നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയതോടെ സംസ്ഥാനത്ത് ബിജെപിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം ബൊമ്മെ ഏറ്റെടുക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേത് തോല്‍വിയാണെങ്കിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇതൊന്നും ബാധിക്കില്ലെന്നും ബൊമ്മെ പറഞ്ഞു.
അതേസമയം കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന് ഇന്നറിയാം. വൈകിട്ട് അഞ്ചിന് ചേരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. സിദ്ധരാമയ്യ മുഖ്യമന്ത്രിയായാല്‍ ഡി.കെ. ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കിയേക്കും. ലിംഗായത്ത് പ്രതിനിധിയെന്ന നിലയില്‍ എം.ബി. പാട്ടീല്‍, ദലിത് നേതാവ് ജി.പരമേശ്വര എന്നിവരെയും ഉപമുഖ്യമന്ത്രി പദത്തിലേക്കു പരിഗണിച്ചേക്കും. മുഖ്യമന്ത്രി പദത്തില്‍ സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും രണ്ടര വര്‍ഷം വീതം നല്‍കണമെന്ന വാദവുമുണ്ട്.