തമിഴ്‌നാട്ടില്‍ രണ്ടിടത്തായി വ്യാജമദ്യ ദുരന്തം: മരണം പത്തായി; മരിച്ചവരില്‍ മൂന്ന് സ്ത്രീകളും

തമിഴ്‌നാട്ടില്‍ രണ്ടിടത്തായി വ്യാജമദ്യ ദുരന്തം: മരണം പത്തായി; മരിച്ചവരില്‍ മൂന്ന് സ്ത്രീകളും

ചെന്നൈ: തമിഴ്‌നാട്ടില്‍ വില്ലുപുരത്തും ചെങ്കല്‍പ്പെട്ടിലുമായി ഉണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. മരിച്ചവരില്‍ മൂന്ന് സ്ത്രീകളുമുണ്ട്. വെള്ളിയാഴ്ച രണ്ടുപേരും ശനിയാഴ്ച ദമ്പതിമാരും മരിച്ചിരുന്നു. ആറുപേര്‍ ഞായറാഴ്ചയാണ് മരിച്ചത്. രാത്രി മദ്യപിച്ച ശേഷം കുഴഞ്ഞുവീണ നിരവധി പേരെ മുണ്ടയംപാകം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വീടുകളില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ആളുകളെ പിന്നീട് പൊലീസ് ഇടപെട്ടാണ് ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍ 16 പേരാണ് ചികിത്സയില്‍. ഇതില്‍ എട്ടു പേരുടെ നില ഗുരുതരമാണ്. വിഷമദ്യം തയാറാക്കിയ അമരന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരേ സമയം ഉണ്ടായ രണ്ട് വ്യാജമദ്യ ദുരന്തങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് ഐജി എന്‍.കണ്ണന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ അരുള്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ദീപന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മരിയ സോഫി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.