കൊച്ചി പുറങ്കടലില്‍ 25,000 കോടിയുടെ മയക്കു മരുന്ന് വേട്ട: കടത്തുകാര്‍ മദര്‍ഷിപ്പ് മുക്കിയ ശേഷമാണ് രക്ഷപ്പെട്ടതെന്ന് എന്‍സിബി

കൊച്ചി പുറങ്കടലില്‍ 25,000 കോടിയുടെ മയക്കു മരുന്ന് വേട്ട: കടത്തുകാര്‍ മദര്‍ഷിപ്പ് മുക്കിയ ശേഷമാണ് രക്ഷപ്പെട്ടതെന്ന് എന്‍സിബി

പിടിയിലായ പാകിസ്ഥാന്‍ പൗരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കൊച്ചി: കൊച്ചി പുറങ്കടലില്‍ 25,000 കോടിയുടെ മെത്താംഫെറ്റമിന്‍ പിടികൂടിയ സംഭവത്തില്‍ ലഹരിക്കടത്തിനുപയോഗിച്ച മദര്‍ഷിപ്പ് കടത്തുകാര്‍ രക്ഷപ്പെടും മുന്‍പ് മുക്കിയെന്ന് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി ).

ഇനിയും കൂടുതല്‍ മയക്കുമരുന്ന് പിടിച്ചെടുക്കുമെന്നാണ് എന്‍.സി.ബി നല്‍കുന്ന വിവരം. രാസലഹരി ഇന്ത്യയിലെ പല നഗരങ്ങളിലേക്ക് എത്തിക്കാന്‍ ലക്ഷ്യം വച്ചിരുന്നതായാണ് എന്‍സിബി വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ തീരം വഴിയുള്ള അന്താരാഷ്ട്ര ലഹരികടത്ത് തടയുന്നതിന് ഓപ്പറേഷന്‍ സമുദ്രഗുപ്തിന് കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്. നാവിക സേനയുടെ സഹായത്തോടെ എന്‍സിബി നടത്തിയ തിരച്ചിലിലാണ് ഇത്രയധികം ലഹരി കടത്ത് പിടിച്ചത്. സംഭവത്തില്‍ ബോട്ടില്‍ രക്ഷപ്പെട്ടവര്‍ നാവിക സേനയുടെ മുന്നില്‍ വച്ചാണ് മദര്‍ഷിപ്പ് തകര്‍ത്ത് രക്ഷപ്പെട്ടത്.

ആകെ 2525 കിലോ മെത്താംഫെറ്റമിന്‍ ആണ് പിടികൂടിയത്. ഉയര്‍ന്ന ഗുണനിലവാരമുള്ളതിനാലാണ് മൂല്യവും വര്‍ദ്ധിച്ചതെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി. 23 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കണക്കെടുപ്പ് പൂര്‍ത്തിയായത്.

പിടികൂടിയത് 15000 കോടി രൂപയുടെ ലഹരിവസ്തുക്കള്‍ എന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. പിടികൂടിയ ലഹരിവസ്തുക്കളും പാകിസ്ഥാന്‍ പൗരനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ആകെ അഞ്ച് ബോട്ടുകളിലാണ് സംഘം വന്നതെന്നാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.