തൃശൂര്‍: എ.ഐ ക്യാമറ പദ്ധതിക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് സംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തു വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ക്യാമറ വിവാദത്തില്‍ ഗുണഭോക്താക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കളാണെന്ന ആരോപണം ശക്തമാണെന്നും മുഖ്യമന്ത്രി പ്രതികരിക്കാത്തത് മടിയില്‍ മടിയില്‍ കനം ഉള്ളതു കൊണ്ടാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ക്യാമറ കരാറില്‍ നിന്ന് അല്‍ഹിന്ദും ലൈറ്റ് മാസ്റ്ററും പിന്മാറിയത് അഴിമതി ബോധ്യപ്പെട്ടതിനാലാണ്. ഈ വിഷയത്തില്‍ എസ്ആര്‍ഐടിയുടെ കള്ളക്കളി പുറത്തു കൊണ്ടുവരുമെന്നും അവരുടെ നോട്ടീസിന് മറുപടി നല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയുടെ അഴിമതിയെ ന്യായീകരിക്കുകയാണ്. കര്‍ണാടകത്തില്‍ 40 ശതമാനം ആണെങ്കില്‍ 80 ശതമാനം കമ്മീഷന്‍ എന്നതാണ് കേരളത്തിലെ അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് വ്യക്തമായിട്ട് ഒന്നും പറയാന്‍ കഴിഞ്ഞിട്ടില്ല. താനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തെളിവുകള്‍ സഹിതമാണ് ഈ വിവാദം ഉന്നയിച്ചിരിക്കുന്നത്. ആരു പരിശോധിച്ചാലും ഇതിലെ തട്ടിപ്പ് വ്യക്തമാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.