മഹാപുര: മുന്‍ മുഖ്യമന്ത്രി വസുന്ധര സിന്ധ്യയ്‌ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ അഞ്ച് ദിവസത്തെ ജന്‍ സംഘര്‍ഷ് യാത്രയ്ക്ക് ഇന്ന് സമാപിക്കും. അജ്മീറില്‍ നിന്ന് ജയ്പൂരിലേക്കുള്ള 135 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയാണ് നയിച്ചത്.
അഴിമതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് സച്ചിന്‍ പൈലറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ആരോപിക്കപ്പെടുന്ന അഴിമതി കേസുകളില്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ച് പൈലറ്റ് മെയ് 11 നാണ് യാത്ര ആരംഭിച്ചത്.
പാര്‍ട്ടി ചിഹ്നവും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ട്ടി നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ ചിത്രങ്ങളുമായാണ് യാത്ര ആരംഭിച്ചത്. എന്നാല്‍ ജന്‍ സംഘര്‍ഷ് യാത്രയില്‍ നിന്നും സംസ്ഥാനത്തെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ വിട്ടു നിന്നതായാണ് റിപ്പോര്‍ട്ട്. താന്‍ ആരുടെയും മേല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും അല്ലെങ്കില്‍ വ്യക്തിപരമായി ആരോടും ഭിന്നതയില്ലെന്നുമാണ് പൈലറ്റ് യാത്രയ്ക്കിടെ പ്രതികരിച്ചത്. ഈ വര്‍ഷം അവസാനം രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.