അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഉത്തരവ്

അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഉത്തരവ്

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് വിദ്യാഭ്യാസ സ്ഥാപന അധികൃതര്‍ കെട്ടിടത്തിന് തദ്ദേശസ്ഥാപനത്തില്‍ നിന്നും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഈ മാസം 27നുള്ളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണം. വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം.

വിദ്യാര്‍ഥികള്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാവേണ്ട യാത്രാ സുരക്ഷ, സ്വകാര്യ വാഹനങ്ങള്‍, പൊതു വാഹനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാഹനം തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. റോഡ്, റെയില്‍വേ ലൈന്‍ മുറച്ചു കടക്കുമ്പോഴും ജലഗതാഗതം ഉപയോഗിക്കുമ്പോഴും കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ അതാത് സ്ഥാപനം തന്നെ അവലോകനം നടത്തി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്നു ഉറപ്പു വരുത്തണം.

സ്‌കൂള്‍ പരിസരത്തെ കടകളില്‍ കൃത്യമായി പരിശോധന നടത്തുകയും നിരോധിത വസ്തുക്കള്‍, ലഹരി പദാര്‍ഥങ്ങള്‍ എന്നിവ വില്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. ഇതിനായി എക്സൈസ്, പൊലീസ് വകുപ്പ് അധികാരികളുടെ സഹായം തേടേണ്ടതാണ്. 

മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് ഈ മാസം 25 നും 31 നുമിടയില്‍ സ്‌കൂളുകള്‍ നേരിട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് നല്കണമെന്നാണ് നിര്‍ദേശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.