തിരുവനന്തപുരം: ബാലരാമപുരം വനിതാ അറബിക് കോളജിലെ വിദ്യാര്‍ഥിനി ബീമാപള്ളി സ്വദേശിയായ അസ്മിയമോള്‍ (17) തൂങ്ങി മരിച്ച സംഭവത്തില്‍ കോളജിലെയും സമീപമുള്ള മതപഠന ശാലയിലെയും അഞ്ച് ജീവനക്കാരില്‍ നിന്നും പത്ത് വിദ്യാര്‍ത്ഥിനികളില്‍ നിന്നും ബാലരാമപുരം പൊലീസ് മൊഴിയെടുത്തു.
ചെറിയ പെരുന്നാളിന് വീട്ടിലേയ്ക്ക് പുറപ്പെട്ടപ്പോള്‍ ഇനി ഇവിടേയ്ക്ക് മടങ്ങി വരില്ലെന്ന് അസ്മിയമോള്‍ പറഞ്ഞെന്ന് ചില സഹപാഠികള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ശനിയാഴ്ച വൈകിട്ടാണ് കോളജ് ഹോസ്റ്റലിലെ ലൈബ്രറിയില്‍ അസ്മിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എസ്എസ്എല്‍സി പഠനം കഴിഞ്ഞ അസ്മിയയെ കഴിഞ്ഞ വര്‍ഷമാണ് പ്ലസ്വണ്‍ വിദ്യാഭ്യാസത്തിനും മതപഠനത്തിനുമായി ബാലരാമപുരത്തെ സ്ഥാപനത്തില്‍ ചേര്‍ക്കുന്നത്.
നോമ്പ് സമയത്ത് ഒരുമാസം അവധിക്ക് വീട്ടില്‍ വന്ന വിദ്യാര്‍ത്ഥി തുടര്‍ന്ന് സ്ഥാപനത്തില്‍ പഠിക്കാന്‍ പോകുന്നില്ലെന്നും അവിടെ കാര്യങ്ങള്‍ ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും മാതാപിതാക്കളെ അറിയിച്ചെങ്കിലും മകളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വീണ്ടും അവിടേക്ക് തന്നെ അയക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ മകള്‍ കരഞ്ഞുകൊണ്ട് തന്നെ ഇവിടെ നിന്ന് കൊണ്ടുപോകണമെന്ന് മാതാവിനെ ഫോണില്‍ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് മാതാവും മുത്തശിയും കുട്ടിയെ കാണാനായി ഓട്ടോറിക്ഷയില്‍ സ്ഥപനത്തിലെത്തി. എന്നാല്‍ മണിക്കൂറുകളോളം മകളെ കാണാന്‍ അനുവദിക്കാതെ സ്ഥാപത്തില്‍ നിറുത്തിയെന്ന് ഇവര്‍ ആരോപിക്കുന്നു.
തങ്ങളെത്തിയ സമയത്തു തന്നെ കാണാന്‍ അനുവദിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്ക് മകളെ നഷ്ടപ്പെടില്ലായിരുന്നെന്ന് മാതാവ് പറഞ്ഞു. മകളുടെ മരണത്തിന് ദുരൂഹതയുണ്ടെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൂങ്ങി മരണമെന്നുമാണ് പൊലീസ് പറയുന്നതെന്നും അതിനാല്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടത്.