തിരുവനന്തപുരം: ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും പി.എസ്.സി നിയമനങ്ങളില്‍ കൂടുതല്‍ സംവരണം വേണമെന്ന് ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശ. ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച കമ്മീഷന്‍ 500 ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി 388 പേജുകളുള്ള റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.
മദ്രസ അധ്യാപകരുടേതു പോലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മലയോര മേഖലകളില്‍ വന്യജീവി ആക്രമണം നേരിടുന്നതിനെതിരായും കുട്ടനാട്ടിലെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ സുപ്രധാന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. തൊഴില്‍ പരമായും പരിവര്‍ത്തിത ക്രൈസ്തവരുമായി ബന്ധപ്പെട്ടുമുള്ള വിഷയത്തില്‍ കമ്മീഷന്‍ നിലപാട് വ്യക്തമാക്കി. പുനര്‍ഗേഹം പദ്ധതിയില്‍ തീരത്ത് നിന്ന് മാറി താമസിക്കാന്‍ അഞ്ചുലക്ഷം രൂപ നല്‍കുന്നത് അപര്യാപ്തമാണെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ സ്ഥലവും വീടും നല്‍കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
രണ്ട് വര്‍ഷം മുമ്പ് ചുമതലയേറ്റ കമ്മീഷന്റെ കാലാവധി ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പട്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ. ബി കോശിക്കൊപ്പം മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായ ഡോ. ജേക്കബ് പുന്നൂസ്, ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നിവര്‍ കമ്മീഷന്‍ അംഗങ്ങളാണ്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് 80:20 എന്ന നിലയില്‍ മുസ്ലീം വിഭാഗങ്ങള്‍ കയ്യടക്കുന്നുവെന്ന പരാതിയും തുടര്‍ന്നുണ്ടായ പ്രതിഷേധം നിലനിന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിന്മേല്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചത്. എല്ലാ സഭാ ആസ്ഥാനങ്ങളിലും രൂപതകളിലും 14 ജില്ലാ ആസ്ഥാനങ്ങളിലും കമ്മീഷന്‍ തെളിവെടുപ്പു നടത്തി. വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ വിവേചനം നേരിടുന്നുവെന്ന നിരവധി പരാതികളാണ് കമ്മീഷന് ലഭിച്ചത്.
ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ്, ദളിത് ക്രൈസ്തവരുടെ തൊഴില്‍ സംവരണം തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായി കമ്മീഷന്‍ തെളിവെടുപ്പു നടത്തിയത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ 80:20 എന്ന അനുപാതം റദ്ദാക്കി ജനസംഖ്യാനുപാതത്തില്‍ വേണമെന്ന് ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കി. മുസ്ലീം വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
സ്‌കോളര്‍ഷിപ്പ് കോടതി പരിഗണനയിലായതിനാല്‍ അക്കാര്യത്തില്‍ കമ്മീഷന്‍ കാര്യമായി ഇടപെട്ടിട്ടില്ലെന്നാണ് സൂചന. ഹൈക്കോടതി ഉത്തരവ് മറികടന്നുള്ള ശുപാര്‍ശയില്ലെന്നും സുപ്രീം കോടതിയുടെ അന്തിമ നിലപാട് അനുസരിച്ച് തുടര്‍ നടപടിയെന്നുമാണ് കമ്മീഷന്റെ നിലപാട്.