ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള റിഫൈന്‍ഡ് ഓയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഇന്ത്യയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട യൂറോപ്യന്‍ യൂണിയനെതിരെ (ഇ.യു) മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയെ വിമര്‍ശിക്കുന്നതിന് മുന്‍പ് ഇയു കൗണ്‍സിലിന്റെ ചട്ടങ്ങളാണ് ആദ്യം നോക്കേണ്ടതെന്ന് ജയശങ്കര്‍ പ്രതികരിച്ചു.
ഇ.യു വിദേശ നയ മേധാവി ജോസഫ് ബോറല്‍ ഇന്ത്യയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടതിനെതിരെയാണ് ജയശങ്കര്‍ മറുപടി നല്‍കിയത്. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതിയെ ഇന്ത്യ പ്രതിരോധിക്കുകയും ചെയ്തു.
റഷ്യയില്‍ നിന്നുള്ള ക്രൂഡ് മൂന്നാം രാജ്യത്തെത്തി മറ്റു പല ഉല്‍പ്പന്നങ്ങളുമാക്കി മാറ്റും. പിന്നെയത് റഷ്യന്‍ ആയിട്ടല്ല കണക്കാക്കുന്നത്. കൗണ്‍സിലിന്റെ ചട്ടം 833/2014 നോക്കാനാണ് താന്‍ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലദേശ്, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി അവസാനം ബെല്‍ജിയത്തില്‍ എത്തിയപ്പോഴായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
അതേസമയം ബോറലും ജയശങ്കറും ബ്രസല്‍സില്‍ ട്രേഡ് ടെക്നോളജി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പിന്നലെ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ ബോറല്‍ പങ്കെടുത്തില്ല. തിങ്കളാഴ്ചയാണ് ജയശങ്കര്‍ ബ്രസല്‍സില്‍ എത്തിയത്. ജയശങ്കറിനൊപ്പം കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയല്‍, സാങ്കേതിക വിദ്യാ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ച് യൂറോപ്പിലേക്കും മറ്റു പാശ്ചാത്യ രാജ്യങ്ങളിലേക്കും ഇന്ത്യ ഡീസല്‍ ആയി വില്‍ക്കുന്നുവെന്നതാണ് ബോറല്‍ ആരോപിച്ചത്. പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തി റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനൊപ്പം ഇന്ത്യ നില്‍ക്കാത്തതിനാലാണ് ബോറല്‍ ആരോപണം ഉയര്‍ത്തിയത്.