ഫയല്‍ തീര്‍പ്പാക്കല്‍ പൂര്‍ണതയില്‍ എത്തിയില്ല: മുഖ്യമന്ത്രി

 ഫയല്‍ തീര്‍പ്പാക്കല്‍ പൂര്‍ണതയില്‍ എത്തിയില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ഫയല്‍ തീര്‍പ്പാക്കല്‍ ഇപ്പോഴും പൂര്‍ണതയില്‍ എത്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫയല്‍ നോക്കുന്ന സമീപനത്തില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എന്നിരുന്നാലും, ശരിയായ രീതിയിലാണോ കാര്യങ്ങള്‍ എന്ന് സ്വയം പരിശോധിക്കണം. പൊതു ജനങ്ങള്‍ക്ക് അവരുടെ കാര്യങ്ങള്‍ എത്രയും വേഗം ലഭിക്കണമെന്നതാണ് ആവശ്യം. പരമാധികാരികള്‍ ജനങ്ങളാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഈ സമ്മേളനത്തില്‍, എത്ര മണിക്കുര്‍ ഡ്യൂട്ടി സമയം ചെലവിട്ടെന്ന് കണക്കു കൂട്ടി നല്ല രീതിയില്‍ സമൂഹത്തിനു തിരിച്ച് നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്യോഗസ്ഥ അലംഭാവം കൊണ്ട് അട്ടിമറിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി തന്നെ അണ്ടര്‍ സെക്രട്ടറിമാര്‍ മുതല്‍ സ്‌പെഷ്യല്‍ സെക്രട്ടറിമാര്‍ വരെയുള്ളവരുടെ യോഗത്തില്‍ വിമര്‍ശിച്ചിരുന്നു. സെക്രട്ടേറിയറ്റില്‍ പോലും 50 ശതമാനം ഫയല്‍ കെട്ടിക്കിടക്കുന്നതായായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന സര്‍ക്കാര്‍ നയം പാലിക്കപ്പെടാത്തതിനെ തുടര്‍ന്നായിരുന്നു വിമര്‍ശനം നടത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.