പ്രിയ അധ്യാപികയെ കാണാൻ ഉപരാഷ്ട്രപതി ജഗദിഷ് ധൻകർ കണ്ണൂരിലേക്ക്

പ്രിയ അധ്യാപികയെ കാണാൻ ഉപരാഷ്ട്രപതി ജഗദിഷ് ധൻകർ കണ്ണൂരിലേക്ക്

കണ്ണൂർ: തന്റെ പ്രിയപ്പെട്ട അധ്യാപികയെ കാണാൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ കണ്ണൂരിലേക്ക്. രാജസ്ഥാനിലെ സൈനിക് സ്‌കൂളിൽ കണക്ക് പഠിപ്പിച്ച രത്ന നായറെന്ന അധ്യാപികയെ കാണാനാണ് ഉപരാഷ്ട്രപതി തിങ്കളാഴ്ച കണ്ണൂരിലേക്ക് പോകുന്നത്.

ആറാം ക്ലാസ്‌ മുതൽ 12 വരെ ഈ സൈനിക വിദ്യാലയത്തിൽ താമസിച്ചു പഠിച്ചിരുന്ന ധൻകറിന് ഏറ്റവും പ്രിയപ്പെട്ട അധ്യാപികയായിരുന്നു രത്ന ടീച്ചർ. മാതാപിതാക്കളെ പിരിഞ്ഞ് സ്കൂളിൽ കഴിയുന്ന ഓരോ വിദ്യാർഥിയെയും സ്വന്തം മക്കളെപോലെ പരിചരിച്ച് പഠിപ്പിച്ച രത്ന ടീച്ചർക്ക് ഇപ്പോൾ വയസ്സ് 83 ആണ്. അന്നത്തെ സ്നേഹവും കരുതലും മറക്കാത്ത മനസ്സുമായാണ് ഉപരാഷ്ട്രപതിയെത്തുന്നത്. അതിന്റെ സന്തോഷത്തിലാണ് രത്ന ടീച്ചറും.

30 വർഷം രാജസ്ഥാനിൽ സേവനമനുഷ്ഠിച്ച രത്ന ടീച്ചർ അവിടെനിന്ന് വിരമിച്ച ശേഷം എട്ടു വർഷക്കാലം എറണാകുളം നവോദയ സ്കൂളിൽ ജോലി ചെയ്തു. പിന്നീട് കണ്ണൂരിലെ ചെണ്ടയാട് നവോദയ സ്കൂൾ പ്രിൻസിപ്പലായി. അവിടെ നിന്ന് വിരമിച്ച് ഇപ്പോൾ പാനൂരിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്. ഉപരാഷ്ട്രപതിയായി ജഗദീപ് ധൻകർ സ്ഥാനാരോഹണം ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങളാൽ പങ്കെടുക്കാനായില്ല.

22 ന് തിരുവനന്തപുരത്തെത്തുന്ന ഉപരാഷ്ട്രപതി നിയമസഭാ മന്ദിരത്തിലെ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് കണ്ണൂരിലേക്ക് പോവുക. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽനിന്ന്‌ ചൊവ്വാഴ്ച ഉച്ചയോടെയാണ് സന്ദർശനവിവരം ലഭിച്ചത്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം താഴെ ചമ്പാട്ടെ വസതിയിലെത്തി രത്ന നായരെ കണ്ടു. ഞായറാഴ്ച മുതൽ ചമ്പാടും പരിസരവും എൻ.എസ്.ജി. കമാൻഡോകൾ നിലയുറപ്പിക്കും. മോക്ഡ്രില്ലും നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.