കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അതിക്രമം. രോഗികള്‍ക്കൊപ്പമെത്തിയ ആളാണ് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു. ആലപ്പുഴ സ്വദേശി അനില്‍കുമാറാണ് രാത്രി സംഘര്‍ഷമുണ്ടാക്കിയത്. ഇയാള്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുത്തു.
വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ മദ്യപിച്ച് അനില്‍കുമാര്‍ അസഭ്യം പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.
രോഗിയ്ക്ക് ആശുപത്രിയില്‍ പരിഗണന കിട്ടിയില്ല എന്ന് പറഞ്ഞാണ് ഇയാള്‍ പ്രശ്‌നമുണ്ടാക്കിയത്. അതേസമയം ഇന്നലെ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്ന കേസുകള്‍ക്കെതിരെയുള്ള ഓര്‍ഡിനന്‍സിന് സംസ്ഥാന മന്ത്രിസഭാ യോഗം അനുമതി നല്‍കി. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്ന കേസുകള്‍ സമയബന്ധിതമായി വിചാരണ ചെയ്യാന്‍ ഓരോ ജില്ലയിലും ഒരു കോടതിക്ക് പ്രത്യേക ചുമതല, കേസന്വേഷണം 60 ദിവസത്തിനകം പൂര്‍ത്തിയാക്കണം, അതിന് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നിവ അടങ്ങിയതായിരുന്നു ഓര്‍ഡിനന്‍സ്.
ഒരു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവും ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും ശിക്ഷ വിധിക്കാം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനാ ദാസ് കൊലചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. അത്യാഹിത വിഭാഗത്തില്‍ അധിക സുരക്ഷ ഉള്‍പ്പെടെ ഡോക്ടര്‍മാരുടെ സംഘടനകള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ചട്ടപ്രകാരം നിബന്ധനകള്‍ കൊണ്ടുവരും.