തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് തുടരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംഎല്‍എമാര്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ഇ.എസ്. ബിജിമോള്‍, ഗീതാ ഗോപി എന്നിവരാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കയ്യാങ്കളിക്കിടെ യുഡിഎഫ് എംഎല്‍എമാരില്‍ നിന്നും പരിക്കേറ്റതായും എന്നാല്‍ കേസില്‍ തങ്ങളെ സാക്ഷികളാക്കിയിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇരുവരും വെവേറെ ഹര്‍ജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. വിഷയത്തിലെ നിയമസാധുത പരിശോധിക്കാന്‍ നിലവില്‍ കോടതി ഹര്‍ജി പരിഗണിക്കുന്നത് 29 ലേക്ക് മാറ്റി.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അറിഞ്ഞത് അടുത്ത കാലത്താണെന്ന് ഇവര്‍ പറയുന്നു. അതിനാല്‍ കുറ്റപത്രം വായിക്കാനായത് ഇപ്പോഴാണ്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുറ്റപത്രത്തിലെ അപാകതകള്‍ കണ്ടെത്തിയതെന്നാണ് ഇവര്‍ ഉന്നയിക്കുന്ന വാദം. കയ്യാങ്കളി കേസില്‍ വിചാരണ നീട്ടാനുള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നുണ്ട്.