കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിന്റെ അന്വേഷണ ചുമതലയിലുണ്ടായിരുന്ന ആന്റി ടെററിസം സ്‌ക്വാഡിന്റെ തലവന്‍ ഐജി പി.വിജയനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പ്രതി ഷാറൂഖ് സെയ്ഫിയെ മുംബൈയില്‍ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെന്ന കാരണത്തിലാണ് സസ്‌പെന്‍ഷന്‍.
അന്വേഷണവുമായി ബന്ധമില്ലാത്ത പി.വിജയന്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിനെതിരെ എഡിജിപി എം.ആര്‍. അജിത് കുമാറാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്. റിപ്പോര്‍ട്ടിന് മേലുള്ള തുടരന്വേഷണം എഡിജിപി പത്മകുമാര്‍ നടത്തും.
എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസ് തുടക്കത്തില്‍ അന്വേഷിച്ചത് കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡായിരുന്നു. ഇതിന്റെ ചുമതല ഐജി പി.വിജയനായിരുന്നു. കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്തതിന് പിന്നാലെ അദ്ദേഹത്തെ ചുമതലയില്‍ നിന്ന് നീക്കി.
ആ സമയത്ത് പൊതുമേഖലാ സ്ഥാപനമായ കേരളാ ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സിന്റെ എംഡിയുമായിരുന്നു ഐജി വിജയന്‍. ഈ ചുമതലയില്‍ നിന്നും അദ്ദേഹത്തെ നീക്കിയിരുന്നു. സംസ്ഥാന പൊലീസ് സേനയിലെ ആഭ്യന്തര തര്‍ക്കമാണ് മാറ്റത്തിന് കാരണമെന്നാണ് അന്ന് പുറത്തുവന്ന സൂചനകള്‍.