കോട്ടയത്തും കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണം: മൂന്ന് പേര്‍ മരിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍

കോട്ടയത്തും കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണം: മൂന്ന് പേര്‍ മരിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍

മലപ്പുറം നിലമ്പൂരില്‍ കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

കോട്ടയം: സംസ്ഥാനത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. കോട്ടത്ത് എരുമേലിയിലും കൊല്ലം അഞ്ചലിലുമാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചു. പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനക്കുഴിയില്‍ തോമാച്ചന്‍ (60), കൊല്ലം കൊടിഞ്ഞാല്‍ സ്വദേശി വര്‍ഗീസ് (60) എന്നിവരാണ് മരിച്ചത്.

ഇതിനിടെ മലപ്പുറം നിലമ്പൂരില്‍ കാട്ടില്‍ തേനെടുക്കാന്‍ പോയ യുവാവിനെ കരടി ആക്രമിച്ചു. കാലിനു പരിക്കേറ്റ തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടി മേലൂര്‍ ജനവാസ മേഖലയിലും ഇന്ന് കാട്ടുപോത്തിറങ്ങി. വെട്ടുകാവ് ഭാഗത്ത് ഇറങ്ങിയ കാട്ടുപോത്തിനെ പ്രദേശവാസികളാണ് കണ്ടത്.

എരുമേലി കണമല അട്ടിവളവിന് സമീപം ഇന്ന് രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. തോമാച്ചന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ചാക്കോച്ചന്‍ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ആശുപത്രയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തോമാച്ചന്‍ തോട്ടത്തില്‍ ജോലിയിലിരിക്കേയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം പോത്ത് കാടിനകത്തേക്ക് ഓടിപ്പോയി.

കഴിഞ്ഞ ദിവസമാണ് ദുബായില്‍ നിന്നും കൊല്ലം സ്വദേശിയായ വര്‍ഗീസ് നാട്ടിലെത്തിയത്. ഇയാളെ പറമ്പില്‍ വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണം നടത്തിയ കാട്ടുപോത്തിനെ ചത്തനിലയില്‍ കണ്ടെത്തി.

കാട്ടുപോത്തിന്റെ ആക്രമണത്തെ തുടർന്ന് എരുമേലിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. സ്ഥലത്ത് നാട്ടുകാരും വനപാലകരും തമ്മിൽ സംഘർഷം തുടരുകയാണ്. സ്ഥിരമായി ഈ മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം ഉണ്ടായിട്ടും വനപാലകർ നടപടിയെടുത്തിരുന്നില്ലയെന്നാണ് നാട്ടുകാർ പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.