തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്ത് വരുന്നതിന് തൊട്ടുമുന്‍പ് മരണത്തിന് കീഴടങ്ങിയ സാരംഗ് ഇനി ആറ് പേരിലൂടെ ജീവിക്കും. അവയവദാനത്തിലൂടെ സാരംഗ് പത്ത് പേര്‍ക്ക് ജീവനേകും. ആറ്റിങ്ങല്‍ ബോയ്‌സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ബി.ആര്‍ സാരംഗ്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരണം സംഭവിച്ചത്.
സാരംഗിന്റെ കണ്ണുകള്‍, കരള്‍, ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങള്‍ ആറ് പേര്‍ക്കായി ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതം അറിയിച്ചതോടെ ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചു. കോട്ടയം സ്വദേശിയായ കുട്ടിയ്ക്ക് വേണ്ടി ഹൃദയം കഴിഞ്ഞ ദിവസം തന്നെ കൈമാറിയിരുന്നു. അവയവ മാറ്റ നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. സംസ്‌കാരവും ഇന്ന് തന്നെ നടക്കും.
കരവാരം വഞ്ചിയൂര്‍ നടക്കാപറമ്പ് നികുഞ്ജത്തില്‍ ബനീഷ് കുമാറിന്റെയും രഞ്ജിനിയുടെയും മകനാണ് സാരംഗ്. ഇക്കഴിഞ്ഞ ആറാം തീയതി വൈകിട്ട് മൂന്നോടെ അമ്മയ്ക്കൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവെ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിന് സമീപത്തുവെച്ച് അപകടം സംഭവിക്കുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ആറ്റിങ്ങല്‍ മാമത്ത് നടത്തുന്ന ഫുട്ബോള്‍ പരിശീലനത്തില്‍ പങ്കെടുക്കുകയായിരുന്ന സാരംഗിന് ഫുട്ബോള്‍ താരമാകണം എന്നായിരുന്നു ആഗ്രഹം. ആശുപത്രിയില്‍ കഴിയുമ്പോഴും ഫുട്ബോള്‍ കളിക്കാനുള്ള ബൂട്ട് വാങ്ങണമെന്ന ആഗ്രഹം സാരംഗ് പങ്കുവെച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.