തിരുവനന്തപുരം: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്‍. മൂന്ന് പ്രദേശങ്ങളിലും പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും. പരുക്കേറ്റവരുടെ ചികിത്സാ സഹായവും മരണപ്പെട്ടവരുടെ കുടുംബത്തിനുളള സഹായവും എത്രയും പെട്ടെന്ന് നല്‍കാനുള്ള നടപടികള്‍ പെട്ടെന്ന് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്കാണ് ഇന്ന് ജീവന്‍ നഷ്ടമായത്. കോട്ടയം എരുമേലി കണമലയില്‍ ആക്രമണത്തില്‍ രണ്ട് പേരാണ് മരിച്ചത്. പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനാക്കുഴിയില്‍ തോമസ് (60), കൊല്ലം ഇടമുളയ്ക്കല്‍ കൊടിഞ്ഞല്‍ സ്വദേശി സാമുവല്‍ വര്‍ഗീസ് (60) എന്നിവരാണ് മരിച്ചത്.
സാമുവല്‍ വര്‍ഗീസ് റബ്ബര്‍ വെട്ടുന്ന ആളെ കാണാന്‍ പോയപ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. പാറക്കൂട്ടത്തിന്റെ പുറകില്‍ നിന്ന് കാട്ടുപോത്ത് കുതിച്ചെത്തി വര്‍ഗീസിനെ കുത്തുകയായിയുന്നു. വര്‍ഗീസിന്റെ വയറ്റിലാണ് കുത്തേറ്റത്. ഇന്നലെ രാത്രിയിലാണ് വര്‍ഗീസ് ഗള്‍ഫില്‍ നിന്നെത്തിയത്.
അതേസമയം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട എരുമേലിയില്‍ നാട്ടുകാര്‍ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.