ഫലം വന്നപ്പോള്‍ ഫുള്‍ A+; ഫലപ്രഖ്യാപനത്തില്‍ കണ്ണീര്‍ ഓര്‍മ്മയായി സാരംഗ്

ഫലം വന്നപ്പോള്‍ ഫുള്‍ A+; ഫലപ്രഖ്യാപനത്തില്‍ കണ്ണീര്‍ ഓര്‍മ്മയായി സാരംഗ്

തിരുവനന്തപുരം: അവയവദാനത്തിലൂടെ ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ സാരംഗിന് എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം. എല്ലാ വിഷയത്തിലും സാരംഗിന് എ പ്ലസ് ലഭിച്ചു. ഓട്ടോറിക്ഷ അപകടത്തില്‍ പരിക്കേറ്റ സാരംഗ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ആറ്റിങ്ങല്‍ ബോയ്സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് സാരംഗ്. സാരംഗിന് കഴിഞ്ഞ ആറിനാണ് അപകടം സംഭവിച്ചത്. അമ്മയുമൊത്ത് ഓട്ടോയില്‍ സഞ്ചരിക്കവെ തോട്ടയ്ക്കാട് വടകോട്ടുകാവ് കുന്നത്തുകോണം പാലത്തിനു സമീപം വളവില്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സാരംഗ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മകനെ നഷ്ടപ്പെട്ട ദുഖത്തിനിടയിലും സാരംഗിന്റെ കണ്ണുകള്‍, കരള്‍, ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതം നല്‍കുകയായിരുന്നു.

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ സാരംഗിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വ്, രണ്ട് കോര്‍ണിയ എന്നിവ ദാനം നല്‍കിയതായി മന്ത്രി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. കായിക താരം ആകാന്‍ ആഗ്രഹിച്ച, ഫുട്‌ബോളിനെ ഏറെ സ്‌നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ്. മകന്റെ വിയോഗത്തിന്റെ തീവ്ര ദുഖത്തിനിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.