ഇനിയും ആക്രമണത്തിന് സാധ്യത; കാട്ടുപോത്തിനെ വെടിവെക്കാന്‍ കളക്ടറുടെ ഉത്തരവ്

ഇനിയും ആക്രമണത്തിന് സാധ്യത; കാട്ടുപോത്തിനെ വെടിവെക്കാന്‍ കളക്ടറുടെ ഉത്തരവ്

കോട്ടയം: എരുമേലി കണമലയില്‍ രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാന്‍ ഉത്തരവ്. ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീയാണ് കാട്ടുപോത്തിനെ വെടിവെക്കാന്‍ ഉത്തരവിട്ടത്. ജില്ലാ പൊലീസ് മേധാവി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചാണ് വെടിവെക്കാന്‍ ഉത്തരവിട്ടത്.

കാട്ടുപോത്ത് ഉള്‍വനത്തിലേക്ക് പോയില്ലെങ്കില്‍ ഇനിയും ആക്രമണത്തിന് സാധ്യതയുണ്ടെന്നും നിലവില്‍ ജനവാസ മേഖലയിലാണ് പോത്തുള്ളതെന്നും ജനം പരിഭ്രാന്തിയിലാണെന്നും ഉത്തരവില്‍ പറയുന്നു. ജില്ലാ പൊലീസ് മേധാവിക്കാണ് ഉത്തരവ് നടപ്പാക്കേണ്ട ചുമതല.

സംസ്ഥാനത്ത് ഇന്ന് രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. കോട്ടയം എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേരാണ് മരിച്ചത്. പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനാക്കുഴിയില്‍ തോമസ് (60), കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊടിഞ്ഞല്‍ സ്വദേശി സാമുവല്‍ വര്‍ഗീസ് (60) എന്നിവരാണ് മരിച്ചത്.

സംസ്ഥാനത്ത് കോട്ടയം എരുമേലിയിലും കൊല്ലത്ത് പുനലൂരിലും കാട്ടുപോത്തുകളുടെ ആക്രമണത്തില്‍ മരണം സംഭവിച്ച വിഷയവുമായി ബന്ധപ്പെട്ട് പ്രദേശങ്ങളില്‍ വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാന്‍ വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. പ്രദേശത്ത് വന്യമൃഗങ്ങള്‍ എത്തുന്നില്ല എന്ന് ഉറപ്പു വരുത്താനും, കണ്ടെത്തിയാല്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി കോട്ടയത്ത് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അരുണ്‍ ആര്‍.എസ്, കോട്ടയം ഡി.എഫ്.ഒ എന്‍. രാജേഷ് എന്നിവരെയും കൊല്ലത്ത് സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കമലാഹര്‍, പുനലൂര്‍ ഡി.എഫ്.ഒ ഷാനവാസ് എന്നിവരെയും ചുമതലപ്പെടുത്തി. ഇവരുടെ നേതൃത്വത്തില്‍ വനം വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നതാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.