കാഞ്ഞിരപ്പള്ളി: കര്‍ഷകരെ അരുംകൊല ചെയ്തുകൊണ്ടിരിക്കുന്ന വന്യമൃഗങ്ങളെ കാട്ടില്‍ ഒതുക്കുകയോ ഇവയുടെ പെറ്റുപെരുകല്‍ നിയന്ത്രിക്കുകയോ ചെയ്യുന്നതില്‍ സര്‍ക്കാര്‍ ഒരുനിമിഷം പോലും വൈകരുതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കെ.സി.ബി.സി ജസ്റ്റിസ് പീസ് ആന്‍ഡ് ഡെവലപ്പ്മെന്റ് കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളിക്ക് സമീപം കണമല പുറത്തേല്‍ ചാക്കോച്ചനെയും പ്ലാവനാകുഴിയില്‍ തോമസിനെയും കാട്ടുപോത്ത് കുത്തിക്കൊന്ന സംഭവം അങ്ങേയറ്റം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് അഭിവന്ദ്യ പിതാവ് പറഞ്ഞു. വിദേശ രാജ്യങ്ങളിലേതു പോലെ നിശ്ചിത സമയങ്ങളില്‍ നായാട്ടിലൂടെ വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്ന സംവിധാനം ഇവിടെയും അനിവാര്യമായിരിക്കുന്നു.
വന്യമൃഗങ്ങളെക്കൊണ്ടു പൊറുതിമുട്ടിയ കണമല പ്രദേശത്തെ ജനങ്ങള്‍ നടപടിയുണ്ടാകാന്‍ അധികാരികള്‍ക്കു മുന്നില്‍ നിരവധി തവണ പരാതികളും പ്രതിഷേധങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. ചുമതലപ്പെട്ട വനം, റവന്യൂ വകുപ്പുകളും ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും ജനവികാരത്തെ മാനിക്കാതെ വന്ന അനാസ്ഥയുടെ പരണിതഫലമാണ് കണമലയില്‍ രണ്ടു മനുഷ്യ ജീവന്‍ പൊലിയാന്‍ കാരണമായത്.
കാട്ടില്‍ പാര്‍ക്കേണ്ട മൃഗങ്ങള്‍ മനുഷ്യര്‍ പാര്‍ക്കുന്ന നാട്ടിലേക്കിറങ്ങിയാല്‍ വെടിവയ്ക്കുകയോ തിരികെ ഓടിക്കുകയോ ചെയ്യാനുള്ള ചുമതല വനം വകുപ്പിനാണ്. കൊല്ലാന്‍ വരുന്ന ആനയെയും കടുവയെയും കാട്ടുപോത്തിനെയും നേരിടാന്‍ ജനങ്ങള്‍ക്ക് അധികാരമില്ലെന്നും കാട്ടില്‍ പെരുകി നിറഞ്ഞ മൃഗങ്ങള്‍ നാട്ടില്‍ സ്ഥിരവാസമാക്കുന്ന സാഹചര്യം മനുഷ്യ ജീവനു നേരെയുള്ള വെല്ലുവിളി തന്നെയാണ്. കാട്ടുപന്നിയും കുരങ്ങും പെരുകി നാട്ടില്‍ വലിയ നാശമുണ്ടാക്കുന്നതിനാല്‍ കൃഷി പൂര്‍ണമായും ഉപേക്ഷിക്കുകയോ നാടുവിടുകയോ ചെയ്ത കര്‍ഷകരുടെ എണ്ണവും കുറവല്ല.
മനുഷ്യരുടെ ജനന നിരക്കുയരാതിരിക്കുവാന്‍ സമൂഹ മനസാക്ഷിയെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പരസ്യം നല്കുന്ന സര്‍ക്കാരുകള്‍ മനുഷ്യ വാസ മേഖലയിലേക്ക് കടക്കത്തക്ക വിധം വന്യമൃഗങ്ങള്‍ പെരുകിയിട്ടും നിസംഗരാകുന്നതിന്റെ യുക്തി ഒരു വിധത്തിലും മനസ്സിലാകുന്നില്ലെന്നും പിതാവ് പറഞ്ഞു.
കണമല, തുലാപ്പള്ളി പ്രദേശങ്ങളില്‍ കുടിയിരുത്തപ്പെട്ട ജനസമൂഹമാണ് അതിജീവനത്തിനായി കേഴുന്നത്. സമാനമായ സാഹചര്യമാണ് കോരുത്തോട്ടിലും പമ്പയിലും പെരുവന്താനത്തും ഇടുക്കി- പത്തനംതിട്ട ജില്ലകളുടെ വിവിധ പ്രദേശങ്ങളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ജനങ്ങള്‍ നേരിടുന്നത്. വീടിനുള്ളില്‍ കയറി മൃഗങ്ങള്‍ മനുഷ്യരെ ആക്രമിക്കുന്ന സാഹചര്യത്തില്‍ വീടിനു പുറത്തിറങ്ങാന്‍ പോലും ജനങ്ങള്‍ക്ക് ഭീതിയായിരിക്കുന്നു.
ഈ വിഷയത്തില്‍ പൊതു ജനങ്ങളുടെ ഭീതി അധികാരികള്‍ മനസിലാക്കണം. ഈ ദിവസം തന്നെയാണ് കൊല്ലത്ത് വന്യജീവി ആക്രമണത്തില്‍ വര്‍ഗീസ് എന്നയാളും കൊല്ലപ്പെട്ടത്. മലയോര മേഖലയില്‍ വന്യമൃഗങ്ങള്‍ കര്‍ഷകരെ ആക്രമിച്ചതിലും കൃഷി വകകള്‍ നഷ്ടപ്പെടുത്തിയതും അര്‍ഹമായ നഷ്ടപരിഹാരം ഒരിടത്തും വിതരണം ചെയ്തിട്ടില്ലെന്നത് വേദനാകരവും പ്രതിഷേധാര്‍ഹവുമാണെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെയും കുടുംബാംഗങ്ങളെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ ഓര്‍മിപ്പിച്ചു.