രണ്ടാം പിണറായി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം ഇന്ന്; വിവാദങ്ങളും വിലക്കയറ്റവും ഉയര്‍ത്തി യുഡിഎഫ് രാവിലെ സെക്രട്ടറിയേറ്റ് വളയും

രണ്ടാം പിണറായി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം ഇന്ന്; വിവാദങ്ങളും വിലക്കയറ്റവും ഉയര്‍ത്തി യുഡിഎഫ് രാവിലെ സെക്രട്ടറിയേറ്റ് വളയും

തിരുവനന്തപുരം: മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം വൈകുന്നേരം നടക്കാനിരിക്കെ സെക്രട്ടറിയേറ്റ് വളഞ്ഞുള്ള സമരമാണ് യുഡിഎഫ് നടത്തുന്നത്. ആഘോഷ വേളയില്‍ സര്‍ക്കാര്‍ ഒരു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കുമ്പോള്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരായ കുറ്റപത്രം വായിക്കും.

രാവിലെ പത്ത് മണിയോടെയാണ് യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയല്‍ സമരം. നികുതി വര്‍ധനവും എഐ കാമറ ഇടപാട് വിവാദവും ഉന്നയിച്ചാണ് പ്രതിഷേധം. എഐസിസി ജനറല്‍ സെക്രട്ടറി സമരം ഉദഘാടനം ചെയ്യും. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുമടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തില്‍ അണിനിരക്കും. 

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകുന്നേരം അഞ്ചിനാണ് സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തെ സമാപനം നടക്കുക. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്കു മുമ്പാകെ നല്‍കിയ വാഗ്ദാനങ്ങള്‍ എത്ര മാത്രം പ്രാവര്‍ത്തികമാക്കിയെന്ന് വ്യക്തമാക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്യും. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറു ദിന കര്‍മ്മപരിപാടിയും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു. 

15,896 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാനാണ് ശ്രമം. ലൈഫ് പദ്ധതി തന്നെയാണ് അഭിമാന പദ്ധതിയായി സര്‍ക്കാര്‍ ഇപ്പോഴും കാണുന്നത്. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുത്ത് നല്‍കിയതും സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അതേസമയം രണ്ടാം വാര്‍ഷിക ദിനത്തില്‍ സെക്രട്ടറിയേറ്റ് വളഞ്ഞ് സര്‍ക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് നീക്കം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.