കോര്‍പ്പറേഷനുകളില്‍ ഇടനിലക്കാരില്ലെങ്കില്‍ ഫയല്‍ നീങ്ങില്ലെന്ന് വിജിലന്‍സ് കണ്ടെത്തല്‍

കോര്‍പ്പറേഷനുകളില്‍ ഇടനിലക്കാരില്ലെങ്കില്‍ ഫയല്‍ നീങ്ങില്ലെന്ന് വിജിലന്‍സ് കണ്ടെത്തല്‍

തിരുവനന്തപുരം: കോര്‍പ്പറേഷനുകളില്‍ ഇടനിലക്കാരില്ലെങ്കില്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നില്ലെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍. പല കോര്‍പ്പറേഷനുകളിലെയും ഇടനിലക്കാരെ വിജിലന്‍സ് കണ്ടെത്തുകയും ചെയ്തു. വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ കോര്‍പ്പറേഷനുകളിലും വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയിരുന്നു.

എസ്.പി ഇ.എസ് ബിജുമോന്‍, ഡിവൈ.എസ്.പി സി. വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

മരാമത്ത്, റവന്യൂ, ആരോഗ്യ വിഭാഗങ്ങള്‍ക്കെതിരേയായിരുന്നു പരാതി. മരാമത്ത് വിഭാഗത്തിന്റെ കീഴില്‍ ഇടനിലക്കാരുള്ള അപേക്ഷകളില്‍ മാത്രം വേഗത്തില്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റും ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. അല്ലാത്തവയില്‍ ചില ഉദ്യോഗസ്ഥര്‍ അകാരണമായി കാലതാമസം വരുത്തുന്നതായും ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതായും കണ്ടെത്തി.

കൊച്ചി കോര്‍പ്പറേഷനില്‍ 328, കോഴിക്കോട് 376, തിരുവനന്തപുരത്ത് 185, കണ്ണൂരില്‍ 64, കൊല്ലത്ത് 122, തൃശൂരില്‍ 19-ഉം അപേക്ഷകളില്‍ യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് വിജിലന്‍ പരിശോധനയില്‍ കണ്ടെത്തി.

തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനുകളില്‍ നാലു ഇടനിലക്കാരെയും കൊല്ലത്ത് രണ്ടുപേരെയും വിജിലന്‍സ് തിരിച്ചറിഞ്ഞു. ഇവര്‍വഴി സമര്‍പ്പിച്ച അപേക്ഷകളില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ഇടനിലക്കാര്‍ വഴി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു .

കൊല്ലം കോര്‍പ്പറേഷനിലെ മരാമത്ത് വിഭാഗത്തിലെ ഒരു അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയറുടെ അക്കൗണ്ടിലേക്ക് കരാറുകാരന്‍ 15,000 രൂപയും ഒരു ഇടനിലക്കാരന്‍ 25,000 രൂപയും ഗൂഗിള്‍പേ വഴി നല്‍കിയതായും കണ്ടെത്തി. കോഴിക്കോട് കോര്‍പ്പറേഷനില്‍ പല വാഹനങ്ങളും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കെട്ടിടലൈസന്‍സിനായി ലഭിച്ച 389 അപേക്ഷകളില്‍ നടപടികള്‍ സ്വീകരിച്ച ശേഷം വിതരണം ചെയ്യാതെ മാറ്റിവെച്ചിരിക്കുന്നതായും കണ്ടെത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.