ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണം: മാര്‍ ജോസഫ് പെരുന്തോട്ടം

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്  ഉടന്‍ നടപ്പിലാക്കണം: മാര്‍ ജോസഫ് പെരുന്തോട്ടം

മുഹമ്മ: കേരളത്തിലെ ക്രൈസ്തവര്‍ വളരെയധികം പിന്നോക്കാവസ്ഥ അനുഭവിച്ചു വരുന്നതിനാല്‍ ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ക്രൈസ്തവ സഭകളുമായി ആലോചിച്ച് നടപ്പിലാക്കി സര്‍ക്കാരിന് ക്രൈസ്തവരോടുള്ള ആത്മാര്‍ത്ഥത തെളിയിക്കണമെന്ന്
ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു. മുഹമ്മ സെന്റ് ജോര്‍ജ് ഫൊറോനാ ദേവാലയത്തില്‍ നടന്ന ചങ്ങനാശ്ശേരി 137-ാമത് അതിരൂപതാ ദിനാചരണത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴ രൂപതാ മെത്രാന്‍ റൈറ്റ് റവ.ഡോ ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ലോക പ്രതിഷ്ഠിരായ സമുന്നതര്‍ക്ക് ജന്‍മം നല്‍കാന്‍ ചങ്ങനാശേരി അതിരൂപതയ്ക്ക് സാധിച്ചുവെന്ന് അദ്ദേഹം അനുസ്മരിച്ചു. വിശുദ്ധരായ ചാവറയച്ചനും അല്‍ഫോന്‍സാമ്മയും അതുപോലെ പൗവ്വത്തില്‍ പിതാവുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. സമ്മേളനത്തിന് അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിച്ചു. വന്യമൃഗങ്ങള്‍ മനുഷ്യാവാസ കേന്ദ്രങ്ങളില്‍ കടന്നു കയറി ജീവിതം ദുസഹമാക്കുന്നുവെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ ഇന്‍കം ടാക്‌സ് ചീഫ് കമ്മീഷണര്‍ ഷാജി.പി.ജേക്കബ് ഐആര്‍എസ് മുഖ്യാതിഥിയായിരുന്നു. കേരള ക്രൈസ്തവ സമൂഹം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് പ്രതിപാദിച്ച അദ്ദേഹം കുട്ടികള്‍ അകപ്പെടുന്ന ലഹരി - പ്രണയ കെണികളെക്കുറിച്ച് മാതാപിതാക്കള്‍ ബോധമുള്ളവരാകണമെന്ന് അദ്ദേഹം പറഞ്ഞു.










അതിരൂപത നല്‍കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡ് ആര്‍ച്ചു ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരിക്കും മുന്‍ ഡിജിപിയും മുന്‍വിവരാവകാശ കമ്മീഷണറുമായ സിബി മാത്യൂസ് ഐപിഎസിനും സമ്മാനിച്ചു. തുടര്‍ന്ന് വിവിധ മേഖലകളില്‍ സംസ്ഥാന ദേശീയ തലങ്ങളില്‍ മികവു നേടിയവരെ ആദരിച്ചു. മാര്‍ ജോസഫ് പൗവ്വത്തില്‍ സ്മരണിക പ്രകാശനം ചെയ്തു. അമ്പലപ്പുഴ മര്‍ത്തമറിയം എന്ന പുതിയ ഇടവകയും, ആറ്റിങ്ങല്‍ സെന്റ് ജൂഡ് എന്ന പുതിയ അതിര്‍ത്തി തിരിഞ്ഞ കുരിശുപള്ളിയും പ്രഖ്യപിക്കുകയും റവ.ഫാ. ജയിംസ് കണിക്കുന്നേല്‍, റവ.ഫാ. മാത്യു മഠത്തിപറമ്പില്‍ എന്നിവരെ യഥാക്രമം പ്രഥമ വികാരിമാരായി നിയമിക്കുകയും ചെയ്തു. അടുത്ത വര്‍ഷത്തെ അതിരൂപതാദിനം കുറുമ്പനാടം ഫൊറോനയില്‍ നടത്താനും തീരുമാനിച്ചു.

വിവിധ തലങ്ങളില്‍ മികവ് പുലര്‍ത്തിയവര്‍ക്കായി സഭയുടെ എക്‌സലന്‍സ് അവാര്‍ഡും സമ്മാനിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി,ഡോ. സിബി ടി. മാത്യൂസ് ഐ.പി.എസ് എന്നിവരെ കൂടാതെ ജൂബിന്‍ ജിമ്മി - കൊല്ലം- (ഇന്റര്‍നാഷണല്‍ ചെസ് മാസ്റ്റര്‍), ഡോ.ഷേര്‍ളി ഫിലിപ്പ് - ചെങ്ങന്നൂര്‍- (ദേശീയ അത് ലറ്റ് മീറ്റ് സ്വര്‍ണമെഡല്‍), പ്രൊഫ.ഡോ. ജോര്‍ജ് ജോസഫ് - പാറമ്പുഴ- (നാഷണല്‍ ലോ ഡേ അവാര്‍ഡ്), തോമസ് വി.ജെ. - ആലപ്പുഴ- (നാഷണല്‍ പവ്വര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍), ഹെല്‍നാ മെറിന്‍ ജോസഫ് - ചങ്ങനാശേരി - (ലളിതകലാ അക്കാദമി അവാര്‍ഡ്), പ്രൊഫ. അനീഷ് കെ.ജോസഫ് -ഇത്തിത്താനം - (ബെസ്റ്റ് എന്‍എസ് എസ് പ്രോഗ്രാം ഓഫീസര്‍) എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.


മോണ്‍. ജയിംസ് പാലയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, വെരി.റവ. ഡോ. ഐസക് അലഞ്ചേരി, വെരി.റവ. ഡോ. ജോണ്‍ പരുവപ്പറമ്പില്‍, റവ.ഡോ. ആന്‍ഡ്രൂസ് പാണമ്പറമ്പില്‍, റവ.ഫാ. ജയിംസ് കൊക്കാവയലില്‍, റവ.സി. ലിറ്റി എഫ് സി സി, ഡോ. ഡൊമനിക് വഴീപറമ്പില്‍, അഡ്വ.ജോജി ചിറയില്‍, ബീന ജോസഫ് മറ്റത്തില്‍ എന്നിവര്‍ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.