പാലക്കാട്: പാലക്കാട് കപ്പൂർ സ്വദേശി പാകിസ്ഥാനിലെ ജയിലിൽ മരിച്ചു. കപ്പൂർ സുൾഫിക്കർ (48) ആണ് മരിച്ചത്. ഇയാളെ ഏറെ നാളായി കാണാനില്ലായിരുന്നു. പഞ്ചാബ് അതിർത്തിയിൽ വെച്ച് മൃതദേഹം കൈമാറും.
അതിർത്തി ലംഘിച്ചെത്തിയ ഇന്ത്യൻ മത്സ്യത്തൊഴിലാളി എന്ന നിലയിൽ പാക്കിസ്ഥാൻ പട്ടാളം അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് സുൾഫിക്കർ കറാച്ചി ജയിലിൽ എത്തിയതെന്നാണു സൂചന. ഇന്നലെ രാവിലെയാണു മരണ വിവരം കേരള പൊലീസിനു ലഭിക്കുന്നത്. 2018ലാണ് സുൾഫിക്കർ അവസാനമായി നാട്ടിൽ വന്ന് പോയത്.
ഏറെ നാളായി അബുദാബിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. എന്നാൽ, പിന്നീട് സുൾഫിക്കറിനെ കുറിച്ച് വീട്ടുകാർക്ക് യാതൊരു വിവരവും ഇല്ലായിരുന്നു. ഇതിന് ശേഷമാണ് സുൾഫിക്കർ ഐഎസിൽ ചേർന്നുവെന്ന തരത്തിൽ വീട്ടിൽ വിവരങ്ങൾ ലഭിക്കുന്നത്. നേരത്തെ, ഭാര്യക്കും മക്കൾക്കുമൊപ്പമാണ് സുൾഫിക്കർ വിദേശത്ത് ഉണ്ടായിരുന്നത്. എന്നാൽ, പിന്നീട് ഭാര്യ സുൾഫിക്കറുമായി പിണങ്ങി നാട്ടിലേക്ക് വരികയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.