'മയക്കുവെടി വെക്കേണ്ടത് വനം മന്ത്രിക്ക്': എ.കെ ശശീന്ദ്രനെതിരെ രമേശ് ചെന്നിത്തല

'മയക്കുവെടി വെക്കേണ്ടത് വനം മന്ത്രിക്ക്': എ.കെ ശശീന്ദ്രനെതിരെ  രമേശ് ചെന്നിത്തല

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളില്‍ വനം മന്ത്രി എ.കെ ശശീന്ദ്രനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്ഥലകാല വിഭ്രാന്തിയിലായ വനം മന്ത്രിക്ക് എന്താണ് പറയുന്നതെന്ന് പോലും അറിയില്ല. മൃതദേഹം വെച്ചുകൊണ്ട് ബിഷപ്പുമാര്‍ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നൊക്കെയാണ് മന്ത്രി പറയുന്നത്.

മയക്കുവെടി വെക്കേണ്ടത് മന്ത്രിയ്ക്കാണ്. ഒരു രാഷ്ട്രീയവും പറയുന്നില്ല. മലയോര മേഖലയിലെ ജനങ്ങള്‍ക്ക് വേണ്ട സംരക്ഷണം ലഭിക്കണം. വന്യജീവികള്‍ ഇറങ്ങി ആളുകളെ കൊല്ലുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകില്ലേ. ഇതിനകത്ത് ഒരു രാഷ്ട്രീയവുമില്ല. ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ കഴിയുക എന്നതാണ് പ്രധാനം.

കണമലയിലെ പ്രതിഷേധക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണം. രണ്ടു വിലപ്പെട്ട ജീവനുകളാണ് വന്യജീവി ആക്രമണത്തില്‍ നഷ്ടപ്പെട്ടത്. ഇനിയും വന്യജീവികളുടെ ആക്രമണം ഉണ്ടാകുമോയെന്ന ഭയത്തിലാണ് ഇവിടുത്തുകാര്‍. അപ്പോള്‍ പ്രതിഷേധം ഉണ്ടാകുക സ്വാഭാവികമാണ്.

വന്യജീവി ആക്രമണം ഉണ്ടാകാതെ ശാശ്വതമായ പ്രശ്നപരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്നാല്‍ ഇതുസംബന്ധിച്ച് സര്‍ക്കാരിന് ഒരു ധാരണയുമില്ല. മന്ത്രി ഒന്നു പറയുന്നു, വനം വകുപ്പ് വേറൊന്ന് പറയുന്നു. റവന്യൂ വകുപ്പ് മറ്റൊരു നിലപാടും സ്വീകരിക്കുന്നു. മൂന്ന് ജീവന്‍ നഷ്ടമായ സാഹചര്യത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.