കണ്ണൂര്‍: പതിറ്റാണ്ടുകള്‍ക്ക് ശേഷം തന്റെ പ്രിയപ്പെട്ട അധ്യാപികയെ കണ്ടപ്പോള്‍ ആ പഴയകാല ഓര്‍മകളിലേക്കും ക്ലാസ് മുറിയിലേക്കും രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തി അറിയാതെ സഞ്ചരിച്ചു പോയി. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്ഖറും സഹധര്‍മ്മിണി ഡോ.സുധേഷ് ധന്ഖര്‍ക്കുമൊപ്പമാണ് കണ്ണൂര്‍ ജില്ലയിലെ പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തിലുള്ള അദ്ദേഹത്തിന്റെ സ്‌കൂള്‍ അധ്യാപികയായ രത്ന നായരെ സന്ദര്‍ശിച്ചത്.
ഇതിലും മികച്ച ഒരു ഗുരുദക്ഷിണ തനിക്ക് ഇനിയും ലഭിക്കില്ലെന്ന് ടീച്ചറിന്റെ മുഖം പറഞ്ഞു. സംസ്ഥാന നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ പങ്കെടുക്കാനായാണ് ഉപരാഷ്ട്രപതി കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്. ഇന്ന് വൈകുന്നേരം അദ്ദേഹം ന്യൂഡല്‍ഹിക്ക് മടങ്ങും.
ഉപരാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പഴയകാല ഓര്‍മ്മകളിലേക്ക് ആ അധ്യാപിക കടന്നു പോയി. അവര്‍ ഇരുവരും കുറച്ചു സമയത്തേക്കെങ്കിലും അധ്യാപികയും വിദ്യാര്‍ഥിയുമായി മാറുകയായിരുന്നു. രാജസ്ഥാനിലെ ചിറ്റോര്‍ഗറിലെ സൈനിക് സ്‌കൂള്‍ ഒരു ബോര്‍ഡിംഗ് വിദ്യാലയമായതിനാല്‍ ഒരു വര്‍ഷത്തില്‍ ഏകദേശം ഒന്‍പത് മാസം അധ്യാപകരുമായി ചിലവഴിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുങ്ങിയിട്ടുണ്ട്.
അവിടെ കാക്കി ധരിച്ച് ക്ലാസില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ച് ഒന്നാം നിരയില്‍ ഇരിക്കുന്ന ഒരു കുട്ടി. അവന്‍ വളരെ സജീവവും നല്ല അച്ചടക്കവും അനുസരണയും ഉള്ള കുട്ടിയായിരുന്നു. അവന്‍ ക്ലാസിന് അകത്തും പുറത്തും എല്ലാ പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയതായി ഉപരാഷ്ട്രപതിയെ കുറിച്ച് ടീച്ചര്‍ ഓര്‍ത്തെടുത്തു.
നല്ല സംവാദകനും കായികതാരവും പഠന കാര്യങ്ങളില്‍ സമര്‍ത്ഥനും നല്ലവനായിരുന്നു. മാതാപിതാക്കള്‍ ഇടയ്ക്ക് സ്‌കൂള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഈ മീറ്റിംഗുകളില്‍ ജഗ്ദീപിന്റെ അച്ഛന്‍ വളരെ പതിവായി പഠനത്തിലെ പുരോഗതി നിരീക്ഷിക്കാന്‍ എത്തിയിരുന്നതായി രത്‌ന ടീച്ചര്‍ ഓര്‍ത്തു.
രത്‌ന ടീച്ചറും കുടുംബവും ഉപരാഷ്ട്രപതിയെ കരിക്കിന്‍ വെള്ളം നല്‍കി സ്വീകരിച്ചു. ടീച്ചര്‍ അദ്ദേഹത്തിന് വീട്ടില്‍ തയ്യാറാക്കിയ ഇഡ്ലിയും വാഴപ്പഴ ഉപ്പേരിയും നല്‍കി. താന്‍ പഠിപ്പിച്ച വിദ്യാര്‍ഥികളില്‍ പലരും ഉയര്‍ന്ന സ്ഥാനങ്ങളിലാണെങ്കിലും, കൂടുതലും സേനയിലും പൊലീസിലുമുള്ളവരാണ്. ഇതാദ്യമാണ് ഒരാള്‍ രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന ഭരണഘടനാ പദവിയിലെത്തുന്നത്. ആ സന്തോഷവും അഭിമാനവും ടീച്ചറിന്റെ മുഖത്ത് നിഴലിച്ചിരുന്നു. കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറും ഉപരാഷ്ട്രപതിക്കൊപ്പം എത്തിയിരുന്നു.