കണ്ണൂര്‍: രക്തസാക്ഷികളെ സംബന്ധിച്ച് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞതിന് സിപിഎം ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നു.
പ്രസ്താവന കൊള്ളേണ്ടിടത്ത് കൊണ്ടതു കൊണ്ടാണ് അക്രമണമെന്നും കെ. സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ രക്തസാക്ഷികളായി കൊണ്ടാടുന്നവരെ സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകളും അവരെ ബലികൊടുത്തത് ആരാണെന്നും എന്തിനാണെന്നും അറിയാം. ഇതു സംബന്ധിച്ച് ഒരു പരസ്യ സംവാദത്തിന് സിപിഎം തയാറാണോയെന്നും സുധാകരന്‍ ചോദിച്ചു.
പിണറായി സര്‍ക്കാരിന്റെ വനം, റവന്യൂ വകുപ്പുകള്‍ തമ്മിലടിച്ച് കാട്ടുപോത്തിന്റെ ആക്രമത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് ആരോപിച്ചു. കണമലയില്‍ രണ്ടു പേരെ കൊന്ന കാട്ടുപോത്തിനെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് വെടിവച്ചു കൊല്ലാനായിരുന്നു ജില്ലാ കളക്ടറുടെ പരസ്യമായ തീരുമാനം.
പരിഭ്രാന്തരായിരുന്ന ജനങ്ങള്‍ക്ക് ഏറെ സ്വീകാര്യമായ ഈ തീരുമാനം ഉടനെ അട്ടിമറിച്ച് മയക്കുവെടി വയ്ക്കാന്‍ തീരുമാനിച്ചത് വനം വകുപ്പാണ്. വകുപ്പുകള്‍ തമ്മിലടിക്കുമ്പോള്‍ മുഖ്യമന്ത്രി ഇടപെടാതെ ഒളിച്ചുകളിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.
നാട്ടുകാരുടെ വെടിയേറ്റ കാട്ടുപോത്താണ് ജനവാസ മേഖലയില്‍ കടന്നു കയറി മൂന്ന് പേരെ കൊന്നതെന്ന് പ്രചരിപ്പിക്കുകയും നിലപാടുകളില്‍ മലക്കം മറിയുകയും വര്‍ഗീയവല്‍കരിക്കാന്‍ ശ്രമിക്കുകയും ചെയ്ത വനം മന്ത്രി നാടിന്റെ ശാപവും വന്യമൃഗങ്ങളുടെ ഐശ്വര്യവുമാണ്.
ക്ലിഫ് ഹൗസില്‍ മ്യൂസിക് സിസ്റ്റം ഉള്‍പ്പെടെ 42.90 ലക്ഷം രൂപ മുടക്കിയ തൊഴുത്തില്‍ കന്നുകാലികള്‍ക്ക് നല്‍കുന്നത്ര പരിഗണനയെങ്കിലും മുഖ്യമന്ത്രി നാട്ടിലെ ജനങ്ങള്‍ക്ക് നല്‍കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.