തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം; തീയണക്കുന്നതിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം; തീയണക്കുന്നതിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം. കിന്‍ഫ്രയിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്.

തീയണക്കാനുള്ള ശ്രമത്തിനിടെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞു വീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചു. ആറ്റിങ്ങള്‍ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്. അഗ്‌നിശമന സേനയുടെ ചാക്ക യൂണിറ്റിലെ അംഗമാണ്.

തീയണക്കുന്നതിനിടെ താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് അദേഹത്തെ തീയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിച്ചത്. ഉടന്‍ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.

പുലര്‍ച്ചെ 1.30 ന് വലിയ ശബ്ദത്തോടെ ഗോഡൗണില്‍ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. സുരക്ഷാ ജീവനക്കാരന്‍ മാത്രമേ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ. രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലയിലെ മുഴുവന്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റും അപകടസ്ഥലത്തെത്തി. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്ന് അഗ്‌നിശമന സേന അറിയിച്ചു.

ബ്ലീച്ചിംഗ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരുന്നുകള്‍ മറ്റൊരു കെട്ടിടത്തിലായിരുന്നു. സംഭരണ കേന്ദ്രത്തിലെ കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.