കിന്‍ഫ്ര പാര്‍ക്കിലെ തീപിടിത്തം: അട്ടിമറി സംശയമില്ല; ഫോറന്‍സിക് പരിശോധന നടത്തും

കിന്‍ഫ്ര പാര്‍ക്കിലെ തീപിടിത്തം: അട്ടിമറി സംശയമില്ല; ഫോറന്‍സിക് പരിശോധന നടത്തും

തിരുവനന്തപുരം: കിന്‍ഫ്ര പാര്‍ക്കിലെ മരുന്ന് സംഭരണശാലയിലെ തീപിടിത്തത്തില്‍ അട്ടിമറി സംശയിക്കുന്നില്ലെന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡി ജീവന്‍ ബാബു. കൊല്ലത്തെ തീപിടിത്തത്തിന് ശേഷം ബ്ലീച്ചിങ് പൗഡര്‍ മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജീവന്‍ ബാബു.

നിലവില്‍ തീ പൂര്‍ണമായും അണച്ചിട്ടുണ്ട്. ഏകദേശം ഒരുകോടി രൂപയുടെ കെമിക്കല്‍സ് ആണ് ഇവിടെ സൂക്ഷിച്ചിരുന്നത്. മറ്റു മരുന്നുകളില്‍ നിന്നും മാറ്റിയാണ് അതു വെച്ചിരുന്നത്. വിശദമായ പരിശോധനകളും ഫോറന്‍സിക് പരിശോധനകളും നടത്തി തീപിടിത്തത്തിന്റെ കാരണം കണ്ടുപിടിക്കുമെന്ന് ജീവന്‍ബാബു പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍ അടിയന്തര പരിശോധനകള്‍ നടത്തുമെന്ന് ജില്ലാകളക്ടര്‍ ജെറോമിക് ജോര്‍ജ് പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്തും. കെട്ടിടത്തിലെ താപനില വളരെയധികം ഉയര്‍ന്നതാകാം ബീം തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. ബ്ലീച്ചിങ് പൗഡറിന്റെ സാംപിള്‍ കെമിക്കല്‍ ലബോറട്ടറിയില്‍ പരിശോധന നടത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കിന്‍ഫ്ര പാര്‍ക്കില്‍ പുലര്‍ച്ചെ 1.30 ന് വലിയ ശബ്ദത്തോടെ ഗോഡൗണില്‍ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. തീയണക്കാനുള്ള ശ്രമത്തിനിടെയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ആറ്റിങ്ങല്‍ സ്വദേശി രഞ്ജിത്തിന് നഷ്ടപ്പെട്ടത്.

അഗ്‌നിരക്ഷാ സേനാംഗം രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച സംഭവത്തിലും തീപിടിത്തത്തിലും രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്ന് കഴക്കൂട്ടം സിഐ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കിന്‍ഫ്രയും മന്ത്രി ശിവന്‍കുട്ടിയും അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.