തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ടു മുതൽ അപേക്ഷിക്കാം. അഞ്ചു ഘട്ടങ്ങളിലായി പ്രവേശന നടപടികൾ പൂർത്തീകരിച്ച് ജൂലൈ ആദ്യം ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി ഓരോ ജില്ലയിലും ആവശ്യാനുസരണം സീറ്റ് വർധിപ്പിച്ച് നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഇതനുസരിച്ച് പാലക്കാടു മുതൽ കാസർകോടു വരെയുള്ള വടക്കൻ ജില്ലകൾക്കാവും കൂടുതൽ സീറ്റുകൾ അനുവദിക്കുക. വിദ്യാഭ്യാസ ജില്ലയനുസരിച്ച് ലഭ്യമായ സീറ്റുകളുടെയും അപേക്ഷകരുടെയും കണക്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ ജില്ലയുടെ അടിസ്ഥാനത്തിൽ കണക്കെടുത്ത് സീറ്റുകൾ വർധിപ്പിക്കുന്നതാണ് പരിഗണനയിലുള്ളത്. ഒന്നാം അലോട്ട്മെൻറിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. കഴിഞ്ഞ അധ്യയന വർഷം അനുവദിച്ച 81 ബാച്ചുകളും നിലനിർത്താനാണ് തീരുമാനം. 4,17,864 ലക്ഷം കുട്ടികളാണ് എസ്.എസ്.എൽ.സി ജയിച്ചത്. സിബിഎസ്ഇ ഉൾപ്പെടെയുള്ള ബോർഡുകളിൽ നിന്ന് 75000 കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് കേരളത്തിൽ അപേക്ഷിക്കും. പ്ലസ് വൺ, ഐ.ടിഎ, പോളിടെക്ക്നിക്ക് ഉൾപ്പെടെ നാലുലക്ഷത്തി അറുപത്തി അയ്യായിരത്തോളം സീറ്റുകളാണ് ഉള്ളത്.