കൊച്ചി: ബൈക്ക് യാത്രികനെ കാറിടിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥന്‍ മുങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. കടവന്ത്ര സിഐ മനു രാജിനെ പ്രതിചേര്‍ത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അപകടത്തിനിടയാക്കിയ കാര്‍ ഫോര്‍ട്ട് കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിഐ മനു രാജിന്റെ സുഹൃത്തായ വനിതാ ഡോക്ടറുടെതാണ് കാര്‍.
ബൈക്ക് യാത്രികനെ സിഐയുടെ വാഹനമിടിച്ച കേസില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. എഫ്.ഐ.ആറിലെ പിഴവുകള്‍ മനപൂര്‍വ്വം വരുത്തിയതാണെന്നും കടവന്ത്ര സിഐ മനു രാജിനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.
സിഐക്കെതിരെ വകുപ്പുതല നടപടി പോലും പൊലീസ് ഇതുവരെ സ്വീകരിച്ചിട്ടില്ല. അപകടത്തില്‍ പരുക്കേറ്റ ബൈക്ക് യാത്രികനെ ഇന്നലെ ഫോര്‍ട്ട് കൊച്ചി പൊലീസ് അപകടം നടന്ന ഹാര്‍ബര്‍ പാലത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഹാര്‍ബര്‍ പാലത്തില്‍ വെച്ച് ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കടവന്ത്ര സിഐ കാറോടിച്ച് പോയത്.