കോട്ടയം: വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനും വനംവകുപ്പിനുമെതിരെ ആഞ്ഞടിച്ച് കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍. കാട്ടുപോത്തിന് വോട്ടവകാശമില്ലെന്ന് സര്‍ക്കാരും ബന്ധപ്പെട്ടവരും മറക്കരുതെന്നും നിയമസഭയിലേക്കോ പാര്‍ട്ടി ഓഫീസിലേക്കോ കയറിയാല്‍ അവര്‍ നോക്കിനില്‍ക്കുമോ എന്നും ബിഷപ് ചോദിച്ചു.
''ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണേണ്ടതല്ല. അങ്ങനെ തമസ്‌കരിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതു സമ്മതിച്ച് കൊടുക്കാനും പറ്റില്ല. വനംവകുപ്പ് തന്നെ പുറത്തുവിട്ട രേഖകള്‍ പ്രകാരം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 735 പേരാണ് വിവിധ വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കേരളത്തില്‍ മാത്രം കൊല്ലപ്പെട്ടത്. 2021 ജൂണ്‍ മുതല്‍ ഡിസംബര്‍ 22 വരെയുള്ള കുറഞ്ഞ കാലയളവില്‍ മാത്രം 121 പേരും കൊല്ലപ്പെട്ടു. ഇതിനൊക്കെ ആര്‍ക്കാണ് ഉത്തരവാദിത്തം? വനത്തില്‍ കയറി പ്രശ്‌നമുണ്ടാക്കിയതിന്റെ പേരിലാണോ ഇവരൊക്കെ കൊല്ലപ്പെട്ടത്? ഇതിന്റെ ഉത്തരവാദിത്തം വനംവകുപ്പ് ഏറ്റെടുക്കുമോ? ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമോ? ഇതിനായി രാഷ്ട്രീയ നേതൃത്വങ്ങള്‍ രംഗത്തു വരുമോ?'' -ബിഷപ് ചോദിച്ചു.
വന്യമൃഗങ്ങള്‍ നിങ്ങളെ വോട്ടുചെയ്ത് ഒരിടത്തുമെത്തിക്കുകയില്ല. മജ്ജയും മാംസവുമുള്ള മനുഷ്യരാണ് ഇവിടെ ജീവിക്കുന്നതെന്ന കാര്യം ആരും മറക്കരുത്. ഇത് കര്‍ഷകരുടെ നെഞ്ചിടിപ്പാണ്. അവരുടെ സ്ഥലമാണ്. അവര്‍ ഇത്തരത്തില്‍ തന്നെ മുന്‍പോട്ടു നീങ്ങുകയും ചെയ്യും. കാട്ടുപോത്ത് കയറിവന്നത് നിയമസഭയിലേക്കോ പാര്‍ട്ടി ഓഫീസിലേക്കോ ആയിരുന്നെങ്കില്‍ അവിടെ പെട്ടെന്ന് തീരുമാനമുണ്ടാകുമായിരുന്നല്ലോ. വെടിവച്ച് കൊല്ലാനായി ഒരു താമസവും ഉണ്ടാകില്ലായിരുന്നു. പാവപ്പെട്ട കര്‍ഷകന്‍ ആക്രമിക്കപ്പെടുമ്പോള്‍ നിയമത്തിന്റെ കുരുക്കുകളഴിക്കാന്‍ ആരും മിനക്കെടില്ലായിരുന്നെന്നും ജോസ് പുളിക്കല്‍ പറഞ്ഞു.
സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് മെത്രാന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം കോട്ടയത്തും കൊല്ലത്തുമായി കാട്ടുപോത്ത് ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. മലപ്പുറത്ത് തേനെടുക്കുകയായിരുന്ന ആള്‍ക്കുനേരെ കരടിയാക്രമണവുമുണ്ടായി. വിഷയവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ സര്‍ക്കാരിനും വനംവകുപ്പിനുമെതിരേ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.