സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിര്‍ത്താതെ പോയ സഭവം; കടവന്ത്ര എസ്എച്ച്ഒയെ കാസര്‍കോടേക്ക് സ്ഥലം മാറ്റി

സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിര്‍ത്താതെ പോയ സഭവം; കടവന്ത്ര എസ്എച്ച്ഒയെ കാസര്‍കോടേക്ക് സ്ഥലം മാറ്റി

കൊച്ചി: സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിര്‍ത്താതെ പോയ സഭവത്തില്‍ കടവന്ത്ര പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ സ്ഥലം മാറ്റി. അപകട സമയം കാര്‍ ഓടിച്ചിരുന്ന ജി.പി. മനുരാജിനെയാണ് കാസര്‍കോട് ചന്ദേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.

അപകടത്തില്‍പ്പെട്ട ചുള്ളിക്കല്‍ ഇല്ലിക്കല്‍പ്പറമ്പില്‍ വീട്ടില്‍ വിമല്‍ (28) ചികിത്സ തേടിയ ശേഷം പിറ്റേന്ന് രാവിലെ സ്റ്റേഷനിലെത്തി പരാതി നല്‍കിയിട്ടും തോപ്പുംപടി പൊലീസ് കേസെടുത്തിരുന്നില്ല. ഇതോടെ എസ്എച്ചഒയ്‌ക്കെതിരെ കേസെടുക്കാതെ പൊലീസ് സംരക്ഷിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നു.

സംഭവം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ വിമലിന്റെ വീട്ടിലെത്തി തോപ്പുംപടി എസ്എച്ച്ഒ മൊഴി രേഖപ്പെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നാലെയാണ് മനുരാജിനെ സ്ഥലം മാറ്റിയത്.

സംഭവത്തില്‍ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. മട്ടാഞ്ചേരി എസിപിക്കാണ് അന്വേഷണ ചുമതല. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായോ എന്നതടക്കം കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും. അപകടമുണ്ടാക്കിയ കാര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് ജോലികഴിഞ്ഞ് ഇലക്ട്രിക് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിമലിനെ ഹാര്‍ബര്‍ പാലത്തില്‍ ഇന്‍സ്‌പെക്ടര്‍ ഓടിച്ച കാര്‍ ഇടിച്ച് തെറിപ്പിച്ചത്. തിരിഞ്ഞുപോലും നോക്കാതെ ഇദ്ദേഹവും ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്തും കടന്നുകളയുകയായിരുന്നു.

അമിതവേഗത്തില്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടാക്കിയത്. സംഭവസ്ഥലത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനാണ് കാര്‍ നിര്‍ത്താതെ ഓടിച്ചുപോയതെന്നാണ് തോപ്പുംപടി പൊലീസിന്റെ വിശദീകരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.