തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാള്‍. പതിവുപോലെ ഇത്തവണയും പ്രത്യേക ആഘോഷങ്ങളൊന്നും ഇല്ല. പിറന്നാള്‍ ദിനം ഔദ്യോഗിക വസതിയില്‍ ബന്ധുക്കള്‍ക്കും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും വീട്ടുകാര്‍ പായസം നല്‍കുന്ന പതിവുണ്ട്. വീട്ടില്‍ മധുരവിതരണം മാത്രമാണ് ഉണ്ടാവുക.
രാവിലെ പതിവ് മന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളുടെ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാര്‍ച്ച് 21 നാണ് പിണറായി വിജയന്റെ പിറന്നാള്‍. എന്നാല്‍ യഥാര്‍ത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയന്‍ തന്നെയാണ് അറിയിച്ചത്.
മുണ്ടയില്‍ കോരന്‍- കല്യാണി ദമ്പതികളുടെ മകനായി 1945 മെയ് 24 ന് കണ്ണൂരിലെ പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ജനനം. പതിനാല് സഹോദരങ്ങളില്‍ രണ്ട് പേരൊഴികെ ബാക്കി എല്ലാവരും മരിച്ചു. രണ്ടാമത്തെ സഹോദരനായിരുന്ന കുമാരനിലൂടെയാണ് അദ്ദേഹം കമ്മ്യൂണിസ്റ്റായത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ ഏഴു വര്‍ഷം പൂര്‍ത്തിയാകും.