തിരുവനന്തുപുരം: ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായുള്ള യാത്രയിൽ ഇളവ് തേടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. പന്ത്രണ്ട് വയസിനു താഴെ പ്രായമുള്ള ഒരു കുട്ടിക്ക് യാത്ര ചെയ്യാൻ അനുമതി നൽകണമെന്നാണ് കത്തിലെ ആവശ്യം. കേന്ദ്രത്തിൻറെ അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കുന്നത്.
ഇരു ചക്രവാഹനങ്ങളിൽ കുട്ടികളോടൊപ്പമുള്ള യാത്രയാണ് എഐ ക്യാമറ സർക്കാർ അവതരിപ്പിച്ചപ്പോൾ പൊതുജനങ്ങൾക്കുണ്ടായ വലിയ ആശങ്ക. ഇരുചക്രവാഹനങ്ങളിൽ അച്ഛനും അമ്മയും സഞ്ചരിക്കുന്നതിനൊപ്പം ഒരു കുട്ടിയും കൂടി സഞ്ചരിച്ചാൽ പിഴ ഈടാക്കും എന്നുള്ളതായിരുന്നു എഐ ക്യാമറാ നിരീക്ഷണത്തിലെ വ്യവസ്ഥ. എന്നാൽ അതിനെതിരെ വലിയ തരത്തിലുള്ള വികാരം ഉയർന്നതിന് പിന്നാലെയാണ് വിദഗ്ധ സമിതി യോഗം ഗതാഗത വകുപ്പ് ചേർന്നത്.
യോഗത്തിനു ശേഷമാണ് നിയമ ഭേദഗതി അടക്കമുള്ള കാര്യങ്ങൾ അറിയിക്കാനുള്ള തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ കടന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇളവ് തേടി കേന്ദ്രത്തിന് കത്തയച്ചത്