മലപ്പുറം: മലപ്പുറം കരുവാരക്കുണ്ട് ട്രക്കിങിനിടെ മലയില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കരുവാരക്കുണ്ട് സ്വദേശികളായ യാസിം, അജ്മല്‍ എന്നിവരെ് രക്ഷപ്പെടുത്തിയത്.
ഇന്നലെ രാത്രി പത്തരയോടെയാണ് കരുവാരകുണ്ട് ചേരിമല വനാന്തര്‍ ഭാഗത്തെ മലയില്‍ കുടുങ്ങിയ നിലയില്‍ രണ്ടു പേരെ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടേ കാലോടെയാണ് ഇവരെ താഴെയെത്തിച്ചത്. ശക്തമായ മഴയിലും ഇരുട്ടിലും താഴെ ഇറങ്ങാനാകാതെ ഇവര്‍ മലയില്‍ കുടുങ്ങിപ്പോകുകയായിരുന്നു.
ഒരാളുടെ കാലിനും മറ്റേയാളുടെ നട്ടെല്ലിനും പരിക്കുണ്ട്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരടങ്ങുന്ന സംഘമാണ് മലമുകളിലേക്ക് പോയത്.
കൂട്ടത്തിലൊരാള്‍ വഴുതി വീണ് പരിക്കേല്‍ക്കുകയും നടക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഷംനാസ് എന്നയാള്‍ താഴെയെത്തി നാട്ടുകാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.