കൊല്ലം: കല്യാണ വീട്ടില്‍ നടന്ന രാഷ്ട്രീയ തര്‍ക്കം വിപ്ലവ വീര്യം പൂണ്ടപ്പോള്‍ സിപിഐക്കാരന്റെ ഇടത് കൈയുടെ തള്ളവിരല്‍ സിപിഎം പ്രവര്‍ത്തകന്‍ കടിച്ചു മുറിച്ചെടുത്തു.
കൊല്ലം മേലില ഗ്രാമപ്പഞ്ചായത്തിലെ മൂലവട്ടത്ത് ഞായറാഴ്ച രാത്രി നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. പാര്‍ട്ടി രണ്ടാണെങ്കിലും ഇരുവരും അയല്‍വാസികളും ബന്ധുക്കളുമാണ്.
മൂലവട്ടത്തെ ഒരു വീട്ടില്‍ നടന്ന വിവാഹ സല്‍കാരത്തിനിടെ രാഷ്ട്രീയം പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. സിപിഐക്കാരന്‍ അടുത്തിടെ സിപിഎം വിട്ടാണ് പാര്‍ട്ടിയിലെത്തിയത്. ഇതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. മറ്റുള്ളവര്‍ ചേര്‍ന്ന് ഇരുവരെയും പിന്തിരിപ്പിച്ചു വിട്ടു.
പിന്നീട് മൂലവട്ടം ജങ്ഷനിലുണ്ടായ സംഘര്‍ഷത്തിലാണ് സിപിഐ പ്രവര്‍ത്തകന്റെ ഇടതു തള്ളവിരല്‍ കടിച്ചു മുറിച്ചത്. സിപിഐക്കാരനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിരലറ്റ വിവരം അറിയുന്നത്. പിന്നീട് വിരലിന്റെ കഷണം കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുന്നിച്ചേര്‍ക്കാന്‍ കഴിയാത്തവിധം ചതഞ്ഞിരുന്നു.
എന്നാല്‍ സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് കുന്നിക്കോട് പോലീസ് പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയക്കാരായ ബന്ധുക്കള്‍ തമ്മിലുള്ള പ്രശ്നം പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടതോടെ പുറത്തറിയിക്കാതെ ഒതുക്കുകയായിരുന്നു.