സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി തല്‍ക്കാലം വേണ്ട: പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം; നടപടി തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന്

സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി തല്‍ക്കാലം വേണ്ട: പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം; നടപടി തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന്

തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി താല്‍കാലികമായി നിര്‍ത്തിവക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദ്ദേശം. പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് പഠിച്ച വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതുവരെ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവയ്ക്കാന്‍ ഊര്‍ജ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലാണ് നിര്‍ദ്ദേശം നല്‍കിയത്. 

ഇന്നലെ വിളിച്ച തൊഴിലാളി നേതാക്കളുടെ യോഗത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇക്കാര്യമറിയിച്ചു. പദ്ധതി നടത്തിപ്പിന് സംസ്ഥാനത്തിന്റെ അധിക കടമെടുപ്പുമായി ബന്ധമുണ്ടോ, ടോട്ടക്സ് മാതൃകയില്‍ നടപ്പാക്കിയില്ലെങ്കില്‍ കേന്ദ്രസഹായം നഷ്ടപ്പെടുമോ തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച ശേഷം തുടര്‍നടപടി ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.

ആദ്യഘട്ടമായി 37ലക്ഷം സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം. പദ്ധതി നടപ്പാക്കാന്‍ കെഎസ്ഇബി ടെന്‍ഡര്‍ ക്ഷണിക്കുകയും അതിന്റെ ഇവാല്യുവേഷന്‍ കഴിഞ്ഞ 29ന് തുടങ്ങുകയും ചെയ്തിരുന്നു. ഉത്തരവ് വന്നതോടെ നടപടികള്‍ നിര്‍ത്തിവച്ചു.

പദ്ധതി നടപ്പാക്കിയാല്‍ സര്‍ക്കാരിന്റെ വായ്പാപരിധി 0.5 ശതമാനം വര്‍ധിക്കും. കെഎസ്ഇബി വരുമാനവും കൂടും. ഇതു പരിഗണിച്ചാണ് നടപ്പാക്കാന്‍ കെഎസ്ഇബി തയാറായത്. ടോട്ടക്സ് മാതൃകയില്‍ സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കുന്നതിലാണ് തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ്. ടോട്ടക്‌സ് അല്ലെങ്കില്‍ പദ്ധതി നടത്തിപ്പിന് 8000 കോടി കെഎസ്ഇബി കണ്ടെത്തേണ്ടിവരും. അതിനാവില്ലെന്നാണ് ബോര്‍ഡ് നിലപാട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.