അഴിമതിക്കാര്‍ക്ക് ഡോക്ടറേറ്റ് കൊടുക്കുന്ന അഴിമതി സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍ മുഖ്യമന്ത്രിയെന്ന് വി.ഡി സതീശന്‍

അഴിമതിക്കാര്‍ക്ക് ഡോക്ടറേറ്റ് കൊടുക്കുന്ന അഴിമതി സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍ മുഖ്യമന്ത്രിയെന്ന് വി.ഡി സതീശന്‍

തൃശൂര്‍: അഴിമതിക്കാര്‍ക്ക് ഡോക്ടറേറ്റ് കൊടുക്കുന്ന അഴിമതി സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാനത്ത് അഴിമതി വ്യാപകമാകുന്നെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഒരു പൊതു പരിപാടിക്കിടെ പറഞ്ഞിരുന്നു. അഴിമതിയില്‍ ഡോക്ടറേറ്റ് കിട്ടിയവര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഒരു ഓഫീസില്‍ ഒരാള്‍ കൈക്കൂലി വാങ്ങിക്കൂട്ടുമ്പോള്‍ മറ്റുള്ളവര്‍ അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാകില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു. അത് തന്നെയാണ് കേരളത്തിലെ ജനങ്ങള്‍ക്കും മുഖ്യമന്ത്രിയോട് പറയാനുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ 100 ദിവസവും ലൈഫ് മിഷന്‍ കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ജയിലിലാണ്. ഇതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നും മുഖ്യമന്ത്രിയാണ് ലൈഫ് മിഷന്റെ ചെയര്‍മാനെന്നും അദ്ദേഹത്തിന്റെ ഓഫീസായിരുന്നു അഴിമതിയുടെ കേന്ദ്രമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

എ.ഐ ക്യാമറയിലും കെ. ഫോണിലും അഴിമതിയുടെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു. വില്ലേജ് ഓഫീസിലെ അഴിമതി മറ്റുള്ളവര്‍ അറിഞ്ഞില്ലേയെന്ന് ചോദിക്കുന്ന മുഖ്യമന്ത്രിയോട് ഞങ്ങള്‍ ചോദിക്കുന്നു എന്നു പറഞ്ഞാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.കോവിഡ് കാലത്തെ കൊളള അടക്കമുള്ള അഞ്ച് അഴിമതികളും സ്വന്തം ഓഫീസില്‍ നടന്ന ഈ അഴിമതികളും മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നും അദ്ദേഹം ഉന്നയിച്ചു. അഴിമതി ക്യാമറയ്ക്കും, കെ. ഫോണ്‍ അഴിമതിക്കും കൃത്യമായ തെളിവുകള്‍ കൊണ്ട് വന്നിട്ടും ഇതുവരെ മറുപടി പറയാതെ ഓടി ഒളിക്കുകയാണ് മുഖ്യമന്ത്രി.

മറുപടി പറഞ്ഞാല്‍ അതില്‍നിന്നു ഊരിപോകാന്‍ കഴിയാത്ത തരത്തിലുള്ള തെളിവുകള്‍ പ്രതിപക്ഷം ഹാജരാക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും അഴിമതി ക്യാമറ ജനങ്ങളെ കൊള്ളയടിക്കാന്‍ തുടങ്ങുന്ന ജൂണ്‍ അഞ്ചിന് ഇവ സ്ഥാപിച്ചിട്ടുള്ള എല്ലായിടങ്ങളിലും സമാധാനപരമായി കോണ്‍ഗ്രസ് സമരം നടത്തുമെന്നും അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.