തിരുവനന്തപുരം: എ.ഐ കാമറ പദ്ധതിക്കെതിരേ കോൺഗ്രസ് പ്രഖ്യാപിച്ച സമരം അപഹാസ്യമെന്ന് വിമർശിച്ച സിപിഎമ്മിനെ പരിഹസിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. സത്യത്തിന്റെയും നീതിയുടെയും സുതാര്യതയുടെയും പക്ഷത്താണ് സി.പി.എമ്മെങ്കിൽ കോൺഗ്രസിനോടൊപ്പം സമരത്തിൽ പങ്കാളികളാകണം. എ.ഐ കാമറ പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് തുറന്ന സംവാദത്തിന് സി.പി.എമ്മിനെ വെല്ലുവിളിക്കുന്നു. ജനകീയ പ്രക്ഷോഭത്തോടൊപ്പം നിയമ പോരാട്ടവും നടത്തി കെ റെയിലിൻറെ മഞ്ഞക്കുറ്റിയെ പായിച്ചതുപോലെ എ.ഐ അഴിമതി കാമറ പദ്ധതിയെയും നാടുകടത്തുമെന്നും സുധാകരൻ പറഞ്ഞു.
വ്യക്തമായ ബോധവൽകരണം നടത്താതെയും ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാതെയും വാഹന ഉടമകളെ ചതിച്ച് പിഴയടപ്പിക്കാൻ തിടുക്കത്തിൽ സ്ഥാപിച്ച 726 എ.ഐ കാമറകളുടെ കുരുക്കിൽ കോൺഗ്രസുകാർ മാത്രമല്ല വീഴാൻ പോകുന്നത്. അതിൽ സി.പി.എമ്മുകാരും ബി.ജെ.പിക്കാരും ഉൾപ്പെടുന്ന എല്ലാ ജനവിഭാഗങ്ങളുമുണ്ട്. അന്യായമായി പിരിച്ചെടുക്കുന്ന കോടികൾ അഞ്ച് വർഷം മുഖ്യമന്ത്രിയുടെ ബന്ധു ഉൾപ്പെടെയുള്ളവരുടെ സ്വകാര്യ കമ്പനികളിലേക്കാണ് പോകുന്നത്.
ഇത് അഴിമതിയിൽ മുങ്ങിക്കുളിച്ചതും ജനങ്ങളെ ബോധപൂർവം ദ്രോഹിക്കുന്നതുമായ സംവിധാനം ആയതിനാലാണ് കോൺഗ്രസ് എതിർക്കുന്നത്. ഇക്കാര്യത്തിൽ സാധാരണ സി.പി.എമ്മുകാർ ഉൾപ്പെടെ എല്ലാ ജനവിഭാഗവും കോൺഗ്രസിനൊപ്പമാണ്. എ.ഐ കാമറ പദ്ധതിക്കെതിരേ ബി.ജെ.പി ഒരക്ഷരം ഉരിയാടാത്തത് വെട്ടിപ്പിൽ അവർക്കു പങ്കുകിട്ടിയതുകൊണ്ടാണോയെന്നും സുധാകരൻ ചോദിച്ചു.
വ്യവസായ വകുപ്പ് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സംഘടിപ്പിച്ച തട്ടിക്കൂട്ട് റിപ്പോർട്ട് വച്ചാണ് അഴിമതി തെളിയിക്കാനായില്ലെന്നു സി.പി.എം പെരുമ്പറ കൊട്ടുന്നത്. സി.പി.എമ്മിന് അത്ര ആത്മവിശ്വാസമാണെങ്കിൽ ജുഡീഷ്യൽ അന്വേഷണത്തിന് തയാറാകാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിക്ക് പത്രസമ്മേളനം നടത്തി സ്വയം പ്രതിരോധിക്കാൻ ധൈര്യമില്ല.
എ.ഐ കാമറാ പദ്ധതിയെ കോൺഗ്രസ് കണ്ണടച്ച് എതിർക്കുന്നില്ല. എന്നാൽ അതിലെ അഴിമതിയെയും തിടുക്കത്തിലുള്ള നടപ്പാക്കലിനെയും എതിർക്കുക തന്നെ ചെയ്യും. ജനകീയ പ്രക്ഷോഭത്തോടൊപ്പം നിയമപോരാട്ടവും നടത്തി കെ റെയിലിൻറെ മഞ്ഞക്കുറ്റിയെ പായിച്ചതുപോലെ എ.ഐ അഴിമതി ക്യാമറ പദ്ധതിയെയും നാടുകടത്തും. സാമ്പത്തിക പ്രതിന്ധിയിൽ കഴിയുന്ന ജനങ്ങളെ ചതിക്കുഴിയിൽ വീഴ്ത്തി വീണ്ടും പിഴിയാൻ അനുവദിക്കില്ലെന്നും സുധാകരൻ പറഞ്ഞു.